
ഗൂഗിള്‍ ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികളുടെ നിക്ഷേപം സ്വീകരിക്കുകയാണ് ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഒരു നിയോ ബാങ്കിങ് കമ്പനി. 100 ദശലക്ഷം ഡോളര്‍ സമാഹരിക്കുന്ന കമ്പനിയുടെ ഫണ്ട് റൈസിങ് പദ്ധതിയുടെ ഭാഗമായി കമ്പനിയിലേക്ക് നിക്ഷേപം ഒഴുകുകയാണ്. പെയ്മന്റ് കാര്‍ഡ് കമ്പനിയായ വിസ 50 ലക്ഷം ഡോളര്‍ നിക്ഷേപിച്ചു എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ഗൂഗിള്‍, ഇക്വിറ്റി സ്ഥാപനമായ ടെമാസെക് എന്നിവ ചേര്‍ന്ന് മാത്രം 735 കോടി രൂപയിലേറെ കമ്പനിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. കമ്പനി ബാംഗ്ലൂര്‍ കേന്ദ്രീകരിച്ചാണെങ്കില്‍ സ്ഥാപകന്‍ അനീഷ് അച്യുതന്‍ മലയാളിയാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. പെരുന്തല്‍മണ്ണ സ്വദേശിയാണ് ഈ സംരംഭകന്‍.
ഗൂഗിള്‍ നിക്ഷേപം നടത്തുന്ന ഇന്ത്യയിലെ നാലാമത്തെ സ്റ്റാര്‍ട്ടപ്പാണ് ഓപ്പണ്‍. 2020-ല്‍ ഗ്ലാന്‍സിലും ഡെയ്‌ലി ഹണ്ടിലും ഗൂഗിള്‍ പണം നിക്ഷേപിച്ചിരുന്നു. 2017-ലാണ് അനീഷ് അച്യുതന്‍, അജീഷ് അച്യുതന്‍, മേബിള്‍ ചാക്കോ, ഡീന ജേക്കബ് എന്നിവര്‍ ചേര്‍ന്ന് പുതിയ നിയോ ബാങ്കിങ് സംരംഭം തുടങ്ങുന്നത്. പെയ്മന്റ് കമ്പനികളുടെ ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചുള്ള പരിചയമാണ് സംരംഭത്തിന് പിന്നില്‍. ബാങ്കിങ് ലൈസന്‍സ് ഇല്ലാതെ തന്നെ ഈ രംഗത്തെ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ നല്‍കുന്നതാണ് സംരംഭം.
100 കോടി ഡോളറിലേറെ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളുടെ നിരയിലേക്കുള്ള പ്രയാണത്തിലാണ് ഓപ്പണും. പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും, ഉപഭോക്തൃ അടിത്തറ വിപുലീകരിക്കുന്നതിനും ഒക്കെയായി തുക വിനിയോഗിക്കുമെന്നും കമ്പനി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും, യൂറോപ്പ്യന്‍ രാജ്യങ്ങളിലും, യുഎസിലും സാന്നിധ്യം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ഇതിനായി ഫണ്ട് ഉപയോഗിക്കും.