
ഹിന്ദു ദൈവങ്ങളുടെ ഫോട്ടോ കവറില്‍ ഉപയോഗിച്ചതിന് പുലിവാല്‍ പിടിച്ച് കിറ്റ്-കാറ്റ്. പ്രമോഷന്റെ ഭാഗമായി ഭഗവാന്‍ ജഗന്നാഥ്, ബലഭദ്രന്‍, സുഭദ്ര എന്നിങ്ങനെയുള്ള ചിത്രങ്ങളാണ് ചോക്ലേറ്റ് കവറുകളില്‍ ഉപയോഗിച്ചത്. എന്നാല്‍, കവര്‍ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ നിന്നും വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.
ഇത് വലിയ വിവാദത്തിന് തിരികൊളുത്തുകയും ആളുകള്‍ ട്വിറ്ററില്‍ പരാതികള്‍ പങ്കുവച്ച് രംഗത്തുവരികയും ചെയ്തു. ഇത് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ഇവര്‍ കുറിച്ചു. ചോക്ലേറ്റുകള്‍ കഴിച്ചതിന് ശേഷം ആളുകള്‍ കവറുകള്‍ വലിച്ചെറിയുന്നു. വളരെ ബഹുമാനിക്കപ്പെടുന്ന ഈ ദൈവങ്ങളുടെ ചിത്രങ്ങള്‍ ഒടുവില്‍ റോഡുകളിലും അഴുക്കുചാലുകളിലും ചവറ്റുകുട്ടകളിലും കാണപ്പെടും. അതിനാല്‍, ഈ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന് അവര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
അതേസമയം, മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് കാണിച്ച് ചിലര്‍ കമ്പനിയെ വിമര്‍ശിച്ചും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഹിന്ദു മതത്തെ ഇത്തരത്തില്‍ പരിഹസിക്കാന്‍ ഇന്ത്യയിലെ എല്ലാ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ആരാണ് അനുവാദം നല്‍കിയത് എന്നാണ് മറ്റൊരു ട്വിറ്റര്‍ ഉപയോക്താവ് ചോദിക്കുന്നത്. മറ്റേതെങ്കിലും മതത്തില്‍ പരീക്ഷിച്ചു നോക്കൂ അപ്പോള്‍ അറിയാം എന്താണ് സംഭവിക്കുക എന്നെല്ലാം ട്വീറ്റുകളില്‍ പറയുന്നു.
അതിന് പുറമെ, കിറ്റ്ക്കാറ്റ് ബഹിഷ്‌കരിക്കുക എന്ന ഹാഷ്ടാഗും പ്രചരിക്കുന്നുണ്ട്. അതേസമയം, ജനങ്ങളുടെ പ്രതികരണത്തെ തുടര്‍ന്ന് തങ്ങളുടെ വിവാദ ഡിസൈന്‍ പിന്‍വലിക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അവര്‍ അറിയിച്ചത്. കവര്‍ ഡിസൈനില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ നിലപാട് അറിയിച്ച് നെസ്ലെ ഇന്ത്യ രംഗത്തുവന്നു. കിറ്റ്കാറ്റിന്റെ ട്രാവല്‍ ബ്രേക്ക് പായ്ക്കുകള്‍ മനോഹരമായ പ്രാദേശിക ലക്ഷ്യങ്ങളോടെയാണ് അര്‍ത്ഥമാക്കിയതാണ്. ഉജ്ജ്വലമായ ചിത്രങ്ങള്‍ കൊണ്ട് വ്യത്യസ്ഥമായി നില്‍ക്കുന്ന ഒഡീഷയുടെ സംസ്‌കാരമായ പട്ടചിത്രയെ പ്രതിനിധീകരിക്കുന്ന പായ്ക്കുകള്‍ പുറത്തിറക്കാന്‍ കഴിഞ്ഞ വര്‍ഷം ആഗ്രഹിച്ചിരുന്നു.
ആ കലയെയും അതിന്റെ കരകൗശല വിദഗ്ദ്ധരേയും കുറിച്ച് അറിയിച്ച് ജനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. വിഷയത്തിന്റെ വൈകാരികതയെ മനസ്സിലാക്കുകയും ആളുകളുടെ വികാരങ്ങളെ അശ്രദ്ധമായി വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇതിന്റെ മുന്‍കൂര്‍ നടപടിയെന്ന നിലയില്‍, കഴിഞ്ഞ വര്‍ഷം ഈ പായ്ക്കുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. എന്നും പറഞ്ഞ് കമ്പനി ട്വീറ്റ് ചെയ്യുകയായിരുന്നു.