
നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ മൊത്തം പ്രത്യക്ഷ നികുതി പിരിവ് 31.1 ശതമാനം കുറഞ്ഞ് 1.92 ലക്ഷം കോടി രൂപയായി. ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ ലോക്‌സഭയില്‍ നല്‍കിയ കണക്കുകളാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ മൊത്തം പ്രത്യക്ഷ നികുതി പിരിവ് 2.79 ലക്ഷം കോടി രൂപയായിരുന്നു. അവലോകന കാലയളവില്‍ അറ്റ പരോക്ഷ നികുതി പിരിവ് 11.23 ശതമാനം ഇടിഞ്ഞ് 3.42 ലക്ഷം കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ ഇത് 3.86 ലക്ഷം കോടി രൂപയായിരുന്നു.
മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2020-21 സാമ്പത്തിക വര്‍ഷത്തിലെ ശരാശരി മൊത്ത ജിഎസ്ടി വരുമാനം കുറയുന്ന പ്രവണത കാണിക്കുന്നുണ്ടെന്നും പലിശയും ലേറ്റ് ഫീസും റിട്ടേണ്‍ ഫയലിംഗ് തീയതികളും നീട്ടിക്കൊണ്ട് കൊവിഡിനെ തുടര്‍ന്നുള്ള ലോക്ക്‌ഡൌണ്‍ നികുതിദായകര്‍ക്ക് നല്‍കിയ ഇളവുകളാണ് ഇതിന് കാരണമെന്ന് ലോക്‌സഭയിലെ ഒരു ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ താക്കൂര്‍ പറഞ്ഞു.
നികുതി പാലിക്കല്‍ മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ സമഗ്രമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നികുതി വെട്ടിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിസ്റ്റം അധിഷ്ഠിത അനലിറ്റിക്കല്‍ ഉപകരണങ്ങളും സിസ്റ്റം ജനറേറ്റുചെയ്ത റെഡ് ഫ്‌ലാഗ് റിപ്പോര്‍ട്ടുകളും കേന്ദ്ര, സംസ്ഥാന നികുതി അധികാരികളുമായി പങ്കിടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.