ഇനി ഉള്ളടക്കത്തിനായി വായ്പ എടുക്കേണ്ടെന്ന് നെറ്റ്ഫ്ലിക്സ്; ഉപഭോക്താക്കളുടെ എണ്ണം 200 ദശലക്ഷം കടന്നു

January 20, 2021 |
|
News

                  ഇനി ഉള്ളടക്കത്തിനായി വായ്പ എടുക്കേണ്ടെന്ന് നെറ്റ്ഫ്ലിക്സ്;  ഉപഭോക്താക്കളുടെ എണ്ണം 200 ദശലക്ഷം കടന്നു

ഒടിടി പ്ലാറ്റ്ഫോമുകളില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വന്‍ കുതിപ്പ് നേടിയ കമ്പനിയാണ് നെറ്റ്ഫ്ലിക്സ്. ഇവരുടെ ഉപഭോക്താക്കളുടെ എണ്ണം 2020 അവസാനത്തോടെ 200 ദശലക്ഷം കടന്നു. ഇതോടെ ടിവി ഷോ, സിനിമ തുടങ്ങിയ ഉള്ളടക്കത്തിനായി വായ്പ എടുക്കേണ്ട സാഹചര്യം അവസാനിച്ചുവെന്നും കമ്പനി പറയുന്നു.

പുതിയ മാറ്റത്തിന് പിന്നാലെ നെറ്റ്ഫ്ലിക്സിന്റെ ഓഹരി മൂല്യം 13 ശതമാനം ഉയര്‍ന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്ഫോമാണ് നെറ്റ്ഫ്ലിക്സ്. കഴിഞ്ഞ പതിറ്റാണ്ടിനിടെ അവര്‍ 15 ബില്യണ്‍ ഡോളറാണ് കടമെടുത്തത്. 2021 ല്‍ സ്വാഭാവിക വരുമാനത്തിലൂടെ ബ്രേക്ക് ഈവണിലെത്തുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തില്‍ ഇനി ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വായ്പയെടുക്കേണ്ടി വരില്ലെന്നാണ് കമ്പനിയുടെ ശുഭാപ്തി വിശ്വാസം.

ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ 8.5 ദശലക്ഷം അധിക ഉപഭോക്താക്കളാണ് നെറ്റ്ഫ്ലിക്സിലെത്തിയത്. ദി ക്വീന്‍സ് ഗാമ്പിറ്റ്, ബ്രിഡ്ജര്‍ടണ്‍, ദി ക്രൗണ്‍, ദി മിഡ്നൈറ്റ് സ്‌കൈ തുടങ്ങിയ സീരീസുകളാണ് കമ്പനിക്ക് നേട്ടമുണ്ടാക്കി കൊടുത്തത്. ഇതോടെ നെറ്റ്ഫ്ലിക്സിന്റെ ലോക അംഗത്വം 203.7 ദശലക്ഷമായി ഉയര്‍ന്നു. 2007 ലാണ് നെറ്റ്ഫ്ലിക്സ് പ്രവര്‍ത്തനം തുടങ്ങിയത്. 2020 ല്‍ മറ്റേത് വര്‍ഷത്തേക്കാളും വലിയ വളര്‍ച്ചയാണ് കമ്പനി നേടിയത്.

Related Articles

© 2024 Financial Views. All Rights Reserved