ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി വില വര്‍ധിപ്പിക്കുന്നു; ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍

March 24, 2021 |
|
News

                  ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി വില വര്‍ധിപ്പിക്കുന്നു;  ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളില്‍ ഒന്നാണ് മാരുതി സുസുകി ഇന്ത്യ. പ്രതിവര്‍ഷം ഏറ്റവും അധികം കാറുകള്‍ പുറത്തിറക്കുന്നതും മാരുതി സുസുകി ഇന്ത്യ തന്നെയാണ്. തങ്ങളുടെ വ്യത്യസ്ത മോഡലുകള്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ വില വര്‍ദ്ധനയുണ്ടാകും എന്നാണ് മാരുതി സുസുകി ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഇന്‍പുട് ചെലവ് കൂടിയതാണ് വില വര്‍ദ്ധിപ്പിക്കാനുള്ള കാരണം എന്നും അവര്‍ വ്യക്തമാക്കുന്നു.

2021 ല്‍ തന്നെ മാരുതി സുസുകി ഇന്ത്യ ചില മോഡലുകളുടെ വില കൂട്ടിയിരുന്നു. അതിന് പുറമേയാണ് ഏപ്രില്‍ 1 മുതല്‍ വ്യത്യസ്ത മോഡലുകള്‍ക്ക് വില വര്‍ദ്ധന ഉണ്ടാകും എന്ന് വ്യക്തമാക്കിയിരിക്കുന്നത്. ജനുവരിയിലെ വിലവര്‍ദ്ധനയും ഇന്‍പുട് ചെലവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു. എല്ലാ മോഡലുകള്‍ക്കും ഒരുപോലെയുള്ള വില വര്‍ദ്ധന ആയിരിക്കില്ല ഉണ്ടാവുക എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. മോഡലുകള്‍ക്ക് അനുസരിച്ചാണ് വില വര്‍ദ്ധനയുടെ തോതും വ്യത്യാസപ്പെടുക. വ്യത്യസ്ത ഇന്‍പുട് ചെലവുകളുടെ വര്‍ദ്ധന കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ തോതില്‍ വില വര്‍ദ്ധനയെ ബാധിച്ചിട്ടുണ്ട് എന്നും കമ്പനി പറയുന്നു.

സാധാരണ ഗതിയില്‍ വിലവര്‍ദ്ധനയുടെ വാര്‍ത്തകള്‍ ഓഹരി വിപണിയിലും പ്രതിഫലിക്കേണ്ടതാണ്. എന്നാല്‍ വ്യാപര സമയത്തിന് ശേഷം ആയിരുന്നു വിലവര്‍ദ്ധിപ്പിക്കുമെന്ന പ്രഖ്യാപനം കമ്പനി നടത്തിയത്. അതുകൊണ്ട് തന്നെ ഓഹരി മൂല്യത്തില്‍ വ്യത്യാസം ഉണ്ടായിട്ടില്ല. കൊവിഡ് പ്രതിസന്ധി രൂക്ഷമായ കാലത്ത് ഏറ്റവും രൂക്ഷമായി ബാധിച്ചത് വാഹന വിപണിയെ ആയിരുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ യാത്രാ വാഹനങ്ങളുടെ വില്‍പനയില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 18 ശതമാനം കൂടിയിട്ടുണ്ട്. ഫെബ്രുവരിയില്‍ വിറ്റുപോയത് 2,81,380 യൂണിറ്റുകളാണ്.( ഈ കണക്ക് മൊത്തത്തിലുള്ളതാണ്, മാരുതി സുസുകിയുടെ മാത്രമായിട്ടുള്ളതല്ല).

മാരുതി സുസുകി ഇന്ത്യ ഫെബ്രുവരില്‍ മാത്രം വിറ്റഴിച്ചത് 1,44761 യൂണിറ്റ് വാഹനങ്ങള്‍ ആണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ 8.27 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. മാരുതിയുടെ പ്രധാന എതിരാളികളായ ഹ്യുണ്ടായി മോട്ടോഴ്സ് ഇന്ത്യ ഈ കാലയളവില്‍ 28.97 ശതമാനം വളര്‍ച്ചയാണ് നേടിയത് എന്ന് കൂടി ഓര്‍ക്കണം. പക്ഷേ, എണ്ണത്തിന്റെ കാര്യത്തില്‍ വലിയ വ്യത്യാസമുണ്ട്. ഫെബ്രുവരിയില്‍ ഹ്യുണ്ടായി വിറ്റഴിച്ചത് 51,000 യൂണിറ്റുകള്‍ മാത്രമാണ്.

രാജ്യത്ത് ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന കാറുകള്‍ മാരുതി സുസുകിയുടേതാണെന്ന് നേരത്തേ പറഞ്ഞല്ലോ. അതിന് പ്രധാന കാരണം അവരുടെ സര്‍വ്വീസ് കേന്ദ്രങ്ങള്‍ കൂടിയാണ്. രാജ്യത്ത് 1,989 നഗരങ്ങളിലായി നാലായിരത്തിലധികം ഔട്ലെറ്റുകളാണ് സര്‍വ്വീസ് മേഖലയില്‍ മാത്രം മാരുതിയ്ക്കുള്ളത്. മറ്റാര്‍ക്കും ഭേദിക്കാനാകാത്ത ഒരു റെക്കോര്‍ഡ് ആണിത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ കഴിഞ്ഞ പാദത്തില്‍ വലിയ സാമ്പത്തിക വളര്‍ച്ചയും മാരുതി സുസുകി ഇന്ത്യ നേടിയിട്ടുണ്ട്. 26 ശതമാനമാണ് വളര്‍ച്ച. മൊത്തി ലാഭം 1,996.7 കോടിയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ ഇത് 1,587.4 കോടി രൂപയായിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved