
മുംബൈ: രാജ്യത്ത് പുതിയ കമ്പനികളുടെ രജിസ്‌ട്രേഷനില്‍ ഏപ്രില്‍ മാസം 27 ശതമാനം ഇടിവ്. മാര്‍ച്ചില്‍ റെക്കോഡ് നിലവാരത്തിലെത്തിയശേഷമാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏപ്രിലിലെ രജിസ്‌ട്രേഷന്‍ ഇടിഞ്ഞിരിക്കുന്നത്. അതേസമയം, 2020 ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനി രജിസ്‌ട്രേഷനില്‍ നാലു മടങ്ങു വര്‍ധനയുണ്ടായിട്ടുണ്ട്. കോവിഡ് ലോക്ഡൗണിലായിരുന്ന 2020 ഏപ്രിലില്‍ 3209 കമ്പനികളാണ് രജിസ്റ്റര്‍ ചെയ്തത്. ഇത്തവണയിത് 12,554 എണ്ണമായി ഉയര്‍ന്നതായി കേന്ദ്ര കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയത്തിന്റെ കണക്കുകളില്‍ പറയുന്നു. 2021 മാര്‍ച്ചില്‍ 17,324 കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 23 ശതമാനമായിരുന്നു വര്‍ധന.
ന്യൂഡല്‍ഹി, മുംബൈ, പുണെ, ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങി ആറ്് പ്രധാന നഗരങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ വ്യവസായ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിലെ സീനിയര്‍ ഫെലോ ബോര്‍നാലി ഭണ്ഡാരി പറയുന്നു.
ഈ നഗരങ്ങളില്‍നിന്നാണ് കൂടുതല്‍ കമ്പനി രജിസ്റ്റര്‍ ചെയ്യാറുള്ളത്. നിലവിലെ സാഹചര്യത്തില്‍ 2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പുതിയ കമ്പനികളുടെ രജിസ്‌ട്രേഷനുകള്‍ കുറയാനാണ് സാധ്യതയെന്നും അദ്ദേഹം പറയുന്നു.2020-ലെ കോവിഡ് ലോക്ഡൗണിനു ശേഷം ജൂലായിലാണ് കമ്പനി രജിസ്‌ട്രേഷനില്‍ കാര്യമായ പുരോഗതിയുണ്ടായത്. ജൂലായില്‍ 16,487 പുതിയ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ഏഴു വര്‍ഷത്തെ ഉയര്‍ന്ന നിലവാരമാണിത്. തുടര്‍ന്ന് ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലും 16,000-നു മുകളില്‍ രജിസ്‌ട്രേഷനുകളുണ്ടായി. എന്നാല്‍ നവംബറിലിത് 13,453 എണ്ണമായി കുറഞ്ഞു. 2020-21 സാമ്പത്തിക വര്‍ഷം ആകെ 1.55 ലക്ഷം കമ്പനികളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് കഴിഞ്ഞ മാസം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു.