മാറ്റങ്ങളുടെ വര്‍ഷം 2021; ജനുവരി 1 മുതല്‍ നിലവില്‍ വരുന്ന മാറ്റങ്ങള്‍ ഇവയാണ്

January 01, 2021 |
|
News

                  മാറ്റങ്ങളുടെ വര്‍ഷം 2021; ജനുവരി 1 മുതല്‍ നിലവില്‍ വരുന്ന മാറ്റങ്ങള്‍ ഇവയാണ്

കൊച്ചി: കോവിഡില്‍ ലോകമാകെ പകച്ചും സാമ്പത്തികമായി തളര്‍ന്നും നട്ടം തിരിഞ്ഞിരുന്നു. ലോക്ക്ഡൗണില്‍ എല്ലാം സ്തംഭിച്ച ഒരു വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. 2021ലേക്ക് കടക്കുമ്പോള്‍ അറിയേണ്ട പുതിയ മാറ്റങ്ങള്‍. ജനുവരി ഒന്നുമുതല്‍ നിലവില്‍ വന്ന മാറ്റങ്ങള്‍ അറിയാം.

പോസിറ്റീവ് പേമെന്റ് സിസ്റ്റം

ചെക്ക് തട്ടിപ്പുകള്‍ തടയാന്‍ ലക്ഷ്യമിട്ടുകൊണ്ട് റിസര്‍വ് ബാങ്ക് അവതരിപ്പിച്ച 'പോസിറ്റീവ് പേ സിസ്റ്റം' ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. 50,000 രൂപയില്‍ അധികം വരുന്ന ചെക്ക് ഇടപാടുകള്‍ക്കാണ് ഈ സുരക്ഷാ സംവിധാനം ബാധകമാകുക. പുതിയ സിസ്റ്റത്തിന് കീഴില്‍, ചെക്ക് പേയ്‌മെന്റുമായി ബന്ധപ്പെട്ട് അക്കൗണ്ട് നമ്പര്‍, ചെക്ക് നമ്പര്‍, ചെക്ക് തുക, ചെക്ക് തീയതി, ചെക്ക് പേയറുടെ പേര് തുടങ്ങിയ വിശദാംശങ്ങള്‍ അക്കൗണ്ട് ഉടമ ബാങ്കില്‍ നല്‍കേണ്ടതുണ്ട്. ഈ സംവിധാനം തിരഞ്ഞെടുക്കാനുള്ള അവകാശം ഉപഭോക്താവിനുണ്ട്. അതേസമയം, അഞ്ച് ലക്ഷത്തിന് മുകളിലുള്ള ചെക്ക് ഇടപാടിന് പോസിറ്റീവ് പേമെന്റ് സിസ്റ്റം നിര്‍ബന്ധമാക്കിയേക്കും. സംവിധാനം ഇന്നു മുതല്‍ നടപ്പാക്കുമെന്ന് എസ്.ബി.ഐ. അറിയിച്ചു.

ജി.എസ്.ടി. റിട്ടേണില്‍ മാറ്റം

ജി.എസ്.ടി.ആര്‍.-3 ബി-യില്‍ എല്ലാ മാസവും റിട്ടേണ്‍ നല്‍കിവരുന്ന അഞ്ചുകോടി രൂപ വരെ വിറ്റുവരവുള്ള ജി.എസ്.ടി. നികുതിദായകര്‍ക്ക് മൂന്നു മാസം കൂടുമ്പോള്‍ റിട്ടേണ്‍ നല്‍കി, പ്രതിമാസം നികുതി അടയ്ക്കാന്‍ അനുവദിക്കുന്ന തരത്തില്‍ അവതരിപ്പിച്ചിട്ടുള്ള പദ്ധതിയാണ് 'ക്വാര്‍ട്ടര്‍ലി റിട്ടേണ്‍'.

ഇ-ഇന്‍വോയിസിങ്

ജി.എസ്.ടി. ഇ-ഇന്‍വോയിസിങ് പരിധിയിലും ഇന്നുമുതല്‍ മാറ്റം വരുന്നു. ഇനി മുതല്‍ 100 കോടി രൂപയ്ക്ക് മുകളില്‍ വിറ്റുവരവുള്ള ബിസിനസ്-ടു-ബിസിനസ് വ്യാപാര ഇടപാടുകള്‍ക്ക് ഇ-ഇന്‍വോയിസ് നിര്‍ബന്ധം. നികുതിരഹിതമായവയുടെ കച്ചവടത്തിന് ഇത് ബാധകമല്ല. നേരത്തെ ഈ പരിധി 500 കോടിയായിരുന്നു.

ഒരു ശതമാനം നികുതി പണമായി

ഇന്നുമുതല്‍ 50 ലക്ഷം രൂപയ്ക്ക് മുകളില്‍ പ്രതിമാസ വിറ്റുവരവുള്ളവര്‍ കുറഞ്ഞത് ഒരു ശതമാനം നികുതി പണമായി അടയ്ക്കണം. ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായാണ് നടപടി.

കളിപ്പാട്ടങ്ങള്‍ക്ക് ബി.ഐ.എസ്.

രാജ്യത്ത് കളിപ്പാട്ടങ്ങള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബി. ഐ.എസ്.) സര്‍ട്ടിഫിക്കേഷന്‍ ജനുവരി ഒന്ന് മുതല്‍ നിര്‍ബന്ധം. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന നിലവാരം കുറഞ്ഞ കളിപ്പാട്ടങ്ങള്‍ നിയന്ത്രിക്കുന്നതിനായാണ് ഈ നടപടി. സെപ്റ്റംബറില്‍ നടപ്പാക്കാനിരുന്ന പദ്ധതി വ്യാപാരികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് നാല് മാസത്തിനുശേഷം നടപ്പിലാക്കുന്നത്.

കാറുകള്‍ക്ക് വില കൂടും

വിദേശനാണ്യ വിനിമയ നിരക്കിലുള്ള ഏറ്റക്കുറച്ചിലുകളും അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനയും കാരണം, പ്രധാന കാര്‍ ഉത്പാദകരെല്ലാം ജനുവരി ഒന്നു മുതല്‍ കാറുകളുടെ വില വര്‍ധിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. മാരുതി സുസുക്കി, നിസ്സാന്‍, എം.ജി., റെനോ തുടങ്ങിയ കമ്പനികളെല്ലാം വില വര്‍ധിപ്പിക്കുകയാണ്. വാണിജ്യ വാഹനങ്ങള്‍ക്ക് വില കൂട്ടുമെന്ന് ടാറ്റ മോട്ടോഴ്‌സും അറിയിച്ചിട്ടുണ്ട്.

Read more topics: # 2021, # new year,

Related Articles

© 2025 Financial Views. All Rights Reserved