എച്ച് -1 ബി വിസ: യുഎസ് വിദ്യാഭ്യാസമുള്ള വിദേശികള്‍ക്ക് മുന്‍ഗണന

May 23, 2020 |
|
News

                  എച്ച് -1 ബി വിസ: യുഎസ് വിദ്യാഭ്യാസമുള്ള വിദേശികള്‍ക്ക് മുന്‍ഗണന

എച്ച് -1 ബി വര്‍ക്ക് വിസ നല്‍കുന്നതില്‍ യു.എസ് വിദ്യാഭ്യാസമുള്ള വിദേശ സാങ്കേതിക വിദഗ്ധര്‍ക്ക് മുന്‍ഗണന നല്‍കുന്ന നിയമ നിര്‍മാണത്തിന് കോണ്‍ഗ്രസിന്റെ രണ്ട് സഭകളിലും ആരംഭിച്ചിട്ടുള്ള നിക്കം ഇന്ത്യാക്കാര്‍ക്കു ഗുണകരമാകുമെന്നു നിരീക്ഷകര്‍. ഇതര വിസ പ്രോഗ്രാമുകളില്‍ പ്രധാന പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ബില്‍ ആണ് എംപിമാരുടെ ഉഭയകക്ഷി സംഘം അവതരിപ്പിച്ചിരിക്കുന്നത്.

എച്ച് -1 ബി അല്ലെങ്കില്‍ എല്‍ -1 വിസ ഉടമകള്‍ക്ക് പകരമായി അമേരിക്കന്‍ തൊഴിലാളികളെ മാറ്റിസ്ഥാപിക്കുന്നതിനെ നിയമനിര്‍മ്മാണം വ്യക്തമായി നിരോധിക്കുന്നു. ഒപ്പം സമാനമായി ജോലി ചെയ്യുന്ന അമേരിക്കന്‍ തൊഴിലാളികളുടെ ജോലി സാഹചര്യങ്ങളെ എച്ച് -1 ബി തൊഴിലാളിയെ നിയമിക്കുന്നത് പ്രതികൂലമായി ബാധിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു.

അമേരിക്കന്‍ ഐക്യനാടുകളില്‍ വിദ്യാഭ്യാസം നേടുന്ന ഏറ്റവും മികച്ച  വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് -1 ബി വിസയ്ക്ക് മുന്‍ഗണന ലഭിക്കുമെന്ന് പുതിയ സംവിധാനം ഉറപ്പാക്കും. ഇതില്‍ അഡ്വാന്‍സ്ഡ് ഡിഗ്രി ഹോള്‍ഡര്‍മാര്‍, ഉയര്‍ന്ന വേതനം ലഭിക്കുന്നവര്‍,  കഴിവുള്ളവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന ലഭിക്കുയെന്ന്  ഈ പ്രധാന നിയമനിര്‍മ്മാണ പരിഷ്‌കരണത്തിന്റെ വക്താക്കള്‍ പറഞ്ഞു.

സെനറ്റര്‍മാരായ ചക്ക് ഗ്രാസ്ലിയും ഡിക്ക് ഡര്‍ബിനും ആണ് സെനറ്റില്‍  ബില്‍ അവതരിപ്പിച്ചത്. പാസ്‌ക്രല്‍, പോള്‍ ഗോസര്‍, റോ ഖന്ന, ഫ്രാങ്ക് പല്ലോണ്‍, ലാന്‍സ് ഗുഡന്‍ എന്നിവര്‍ ജനപ്രതിനിധി സഭയിലും ബില്‍ അവതരിപ്പിച്ചു. വിസ നിയമ നടപ്പാക്കലിന് വേഗത വര്‍ധിപ്പിക്കുക, വേതന ആവശ്യകതകള്‍ പരിഷ്‌കരിക്കുക, അമേരിക്കന്‍ തൊഴിലാളികള്‍ക്കും വിസ ഉടമകള്‍ക്കും സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയവയാണ് എച്ച് -1 ബി, എല്‍ -1 വിസ പദ്ധതി പരിഷ്‌കരണ ബില്ലിലൂടെ  കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യമെന്ന് നിയമനിര്‍മ്മാതാക്കള്‍ പറഞ്ഞു.

വിസ വ്യവസ്ഥകളിലെ  ദുരുപയോഗം തടയുന്നതിനും നിയമം പ്രാധാന്യം നല്‍കുന്നു.ഇതിന്റെ ഭാഗമായി, താല്‍ക്കാലിക പരിശീലന ആവശ്യങ്ങള്‍ക്കായി ധാരാളം എച്ച് -1 ബി, എല്‍-1 തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്ന ഔട്ട്സോഴ്‌സിംഗ് കമ്പനികളെ നിയന്ത്രിക്കുന്നതും ബില്‍ ലക്ഷ്യമിടുന്നു.അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസം തേടുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ യുവാക്കള്‍ക്കു പ്രതീക്ഷ പകരുന്നു പുതിയ നിയമ നിര്‍മ്മാണ നടപടി.

Related Articles

© 2025 Financial Views. All Rights Reserved