കൊവിഡില്‍ നിക്ഷേപങ്ങളില്‍ വന്‍ ഇടിവ്; പുതിയ നിക്ഷേപ പദ്ധതികളില്‍ 68 ശതമാനം കുറവ്

May 21, 2021 |
|
News

                  കൊവിഡില്‍ നിക്ഷേപങ്ങളില്‍ വന്‍ ഇടിവ്; പുതിയ നിക്ഷേപ പദ്ധതികളില്‍ 68 ശതമാനം കുറവ്

ന്യൂഡല്‍ഹി: കോവിഡ് -19 മഹാമാരി, രാജ്യവ്യാപക ലോക്ക്ഡൗണ്‍ എന്നിവ കാരണം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പ്രഖ്യാപിക്കപ്പെട്ട പുതിയ നിക്ഷേപ പദ്ധതികളില്‍ 68 ശതമാനം കുറവുണ്ടായെന്ന് കെയര്‍ റേറ്റിംഗ്‌സ് ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രഖ്യാപിക്കപ്പെട്ട പദ്ധതികളില്‍ വിഭാവനം ചെയ്തിട്ടുള്ള നിക്ഷേപം 5.18 ലക്ഷം കോടി രൂപയുടേതാണ്. ഇത് 2004-05 ന് ശേഷമുള്ള ഏറ്റവും താഴ്ന്നതാണ്. 2019-20ല്‍ പ്രഖ്യാപിക്കപ്പെട്ട 16.28 ലക്ഷം കോടിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറെ കുറവാണിത്.

രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വലിയ തോതില്‍ മുടങ്ങിയതാണ് നിക്ഷേപങ്ങളുടെ വരവിനെയും ബാധിച്ചത്. ആഗോള തലത്തില്‍ തന്നെ കോവിഡ് പിടിമുറുക്കിയ 2020ല്‍ നിക്ഷേപ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പുലര്‍ത്തുകയായിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം ഇരട്ടയക്ക വളര്‍ച്ചയോടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തിരിച്ചുവരവ് നടത്തുമെന്നായിരുന്നു കെയര്‍ റേറ്റിംഗ്‌സ് അടക്കമുള്ള റേറ്റിംഗ്‌സ് ഏജന്‍സികള്‍ നേരത്തേ കണക്കു കൂട്ടിയിരുന്നത്. എന്നാല്‍ രണ്ടാം തരംഗം രാജ്യത്ത് വന്‍ തോതില്‍ വ്യാപിച്ചതോടെ വളര്‍ച്ചാ നിഗമനം ഒറ്റയക്കത്തിലേക്ക് മിക്ക നിഗമനങ്ങളിലും തിരുത്തപ്പെട്ടിട്ടുണ്ട്.   

പുതിയ നിക്ഷേപ പദ്ധതികളുടെ പ്രഖ്യാപനത്തില്‍ ഹ്രസ്വകാലയളവിലേക്ക് മാന്ദ്യം തുടരുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തിലെ വ്യാപനം ഉച്ഛാവസ്ഥ പിന്നിട്ടുവെന്നും ജൂലൈയോടെ രാജ്യത്തെ നിയന്ത്രണങ്ങള്‍ ഏറക്കുറേ പൂര്‍ണമായും നീക്കപ്പെടുമെന്നുമുള്ള നിഗമനങ്ങള്‍ പുറത്തുവന്നത് വ്യാവസായിക ലോകത്തിന് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved