പുതിയ 4 ലേബര്‍ കോഡ് ചട്ടങ്ങള്‍ക്കും അന്തിമരൂപമായി; വിജ്ഞാപനം ഉടന്‍

February 15, 2021 |
|
News

                  പുതിയ 4 ലേബര്‍ കോഡ് ചട്ടങ്ങള്‍ക്കും അന്തിമരൂപമായി; വിജ്ഞാപനം ഉടന്‍

ന്യൂഡല്‍ഹി: പുതിയ നാല് ലേബര്‍ കോഡുകളുമായി ബന്ധപ്പെട്ട് എല്ലാ ചട്ടങ്ങള്‍ക്കും അന്തിമരൂപമായി. കേന്ദ്ര തൊഴില്‍ മന്ത്രാലയം കരട് ഭേദഗതി നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതുകയാണ്. പുതിയ നിയമം സംബന്ധിച്ച വിജ്ഞാപനം അധികം വൈകാതെ പുറത്തുവരും. വേതനം, വ്യാവസായിക ബന്ധം, സാമൂഹിക സുരക്ഷിതത്വം എന്നിവയും തൊഴില്‍ സുരക്ഷ - ആരോഗ്യവും തൊഴില്‍ സാഹചര്യവുമായും ബന്ധപ്പെട്ട വിശാലമായ നാല് കോഡുകള്‍ നേരത്തെ തന്നെ പ്രസിഡന്റിന്റെ സമ്മതത്തോടെ വിജ്ഞാപനം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങളാണ് ഇനി വിജ്ഞാപനം ചെയ്യാനുള്ളത്.

ചട്ടങ്ങള്‍ക്ക് അന്തിമ രൂപമായതായി തൊഴില്‍ വകുപ്പ് സെക്രട്ടറി അപൂര്‍വ ചന്ദ്ര പറഞ്ഞു. 44 കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ കൂട്ടിയിണക്കി തയ്യാറാക്കിയതാണ് പുതിയ ചട്ടം. 2019 ലാണ് വേതനം സംബന്ധിച്ച കോഡിന് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചത്. 2020 ലായിരുന്നു മറ്റ് മൂന്നെണ്ണം രണ്ട് സഭകളിലും പാസായത്.

നാല് കോഡുകളും ഒരുമിച്ച് നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. തൊഴില്‍ കണ്‍കറന്റ് വിഷയമായതിനാല്‍ തന്നെ നാല് കോഡിനും കീഴില്‍ സംസ്ഥാനങ്ങള്‍ ഭേദഗതി വരുത്തും. സംസ്ഥാനങ്ങളും കരട് ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാനുള്ള തിരക്കിട്ട ശ്രമത്തിലാണെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് വിശദീകരിക്കുന്നു.

Read more topics: # labour codes,

Related Articles

© 2025 Financial Views. All Rights Reserved