
ന്യൂഡല്‍ഹി: പ്രോവിഡന്റ് ഫണ്ടില്‍ തൊഴിലാളിയുടെ വാര്‍ഷിക നിക്ഷേപം രണ്ടര ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ അതിന്റെ പലിശയ്ക്ക് നികുതി ചുമത്തുമെന്ന ബജറ്റ് നിര്‍ദേശം ഭേദഗതി ചെയ്തു. രണ്ടരലക്ഷം രൂപയെന്നത് അഞ്ചുലക്ഷം രൂപയാക്കുന്നതായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചു.
അഞ്ചുലക്ഷത്തില്‍ കൂടുതലുള്ള നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതി നല്‍കിയാല്‍ മതി. ധനകാര്യ ബില്ലിന്റെ ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പൊതുബജറ്റിന്റെ ഭാഗമായ ധനകാര്യ ബില്‍ ലോക്സഭ പസാക്കി. പ്രോവിഡന്റ് ഫണ്ടില്‍ ഉയര്‍ന്ന തുക നിക്ഷേപിക്കുന്ന വന്‍ശമ്പളക്കാരായ തൊഴിലാളികളെ ബാധിക്കുന്നതായിരുന്നു നിര്‍ദേശം. ഇതിനെതിരേ പ്രതിഷേധമുയര്‍ന്നു. 12 ശതമാനമാണ് തൊഴിലാളിയുടെ വിഹിതമെങ്കിലും വേണമെങ്കില്‍ അതില്‍ കൂടുതല്‍ വിഹിതം സ്വമേധയാ നല്‍കാം. കൂടുതല്‍ നിക്ഷേപിച്ചാലും തൊഴിലുടമ നിയമപ്രകാരമുള്ള 12 ശതമാനം വിഹിതമേ നല്‍കൂ.
ഉയര്‍ന്ന പലിശയും ആദായനികുതി ഇളവും ലക്ഷ്യംവെച്ച് തൊഴിലാളി കൂടുതല്‍ നിക്ഷേപം നടത്തുന്നത് തടയാനാണ് ബജറ്റില്‍ ഈ നിര്‍ദേശം കൊണ്ടുവന്നത്. ഒരു ശതമാനം തൊഴിലാളികള്‍ക്കു മാത്രമേ പുതിയ നിര്‍ദേശം ബാധകമാവൂ എന്ന് മന്ത്രി വിശദീകരിച്ചു. ധനകാര്യ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഇന്ധനങ്ങളുടെയും പാചകവാതകത്തിന്റെയും വില വര്‍ധനയ്‌ക്കെതിരേ പ്രതിപക്ഷം പ്രതിഷേധിച്ചു. പെട്രോളും ഡീസലും ജി.എസ്.ടി.യുടെ പരിധിയില്‍ കൊണ്ടുവരുന്ന കാര്യം ജി.എസ്.ടി. കൗണ്‍സിലാണ് തീരുമാനിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു.