
ന്യൂഡല്‍ഹി: ഗ്രാറ്റുവിറ്റിയുടെ നിബന്ധനകള്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ വിധത്തില്‍ മയപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. നിലവില്‍ ഗ്രാറ്റുവിറ്റി ലഭിക്കാനുള്ള യോഗ്യത അഞ്ച് വര്‍ഷത്തെ തുടര്‍സേവനം എന്നതില്‍ നിന്ന് ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെയാക്കി ഇളവ് ചെയ്യാനാണ് കേന്ദ്രം ആലോചിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനുള്ള കാലാവധി ഒരു വര്‍ഷമാക്കി ചുരുക്കണമെന്ന് പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് കേന്ദ്രവും ഈ തീരുമാനത്തിലേക്ക് എത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഗ്രാറ്റുവിറ്റി കാലാവധി കുറയ്ക്കണമെന്ന് പല കോണുകളില്‍ നിന്നും അഭിപ്രായം ഉയരുന്നുണ്ട്. പ്രോ-റാറ്റ അടിസ്ഥാനത്തിലോ, ആനുപാതികമായോ തുക നല്‍കണമെന്നാണ് നിര്‍ദ്ദേശം. നിലവില്‍ ഒരു കമ്പനിയില്‍ അഞ്ച് വര്‍ഷം സേവനം നടത്തിയ ആള്‍ക്കും, ഈ കാലാവധിക്ക് മുമ്പ് മരിച്ചുപോകുന്നവര്‍ക്കും, രോഗമോ അപകടമോ സംഭവിച്ച് ജോലി ചെയ്യാന്‍ സാധിക്കാത്ത ആളുകള്‍ക്കോ ആണ് ഗ്രാറ്റുവിറ്റി നല്‍കുന്നത്.
അതേസമയം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട നിര്‍ണായക വിലയിരുത്തലും പാര്‍ലമെന്ററി കമ്മിറ്റിയുടെ ഭാഗത്ത് നിന്നുണ്ടായി. പുതിയ നിബന്ധന പ്രകാരം 20 ജീവനക്കാരോ അതിലധികമോ ഉണ്ടെങ്കില്‍ ഇപിഎഫ്ഒ രജിസ്‌ട്രേഷന്‍ നടത്തണം. എന്നാല്‍ ജീവനക്കാരുടെ ഇപിഎഫ്ഒ കവറേജ് ഒഴിവാക്കാന്‍ തൊഴിലുടമകള്‍ ഇത് ഉപയോഗിക്കാനിടയുണ്ടെന്നാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.