പണം പിന്‍വലിക്കല്‍ പരിധി കഴിഞ്ഞാല്‍ ടിഡിഎസ് ബാധകം; വിശദാംശങ്ങള്‍ അറിയാം

July 03, 2020 |
|
News

                  പണം പിന്‍വലിക്കല്‍ പരിധി കഴിഞ്ഞാല്‍ ടിഡിഎസ് ബാധകം; വിശദാംശങ്ങള്‍ അറിയാം

ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യാത്തവരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി പണം പിന്‍വലിക്കല്‍ പരിധി നിശ്ചയിച്ചു. ഇത്തരം ഇടപാടുകാരുടെ പണമിടപാടുകള്‍ നിരുത്സാഹപ്പെടുത്തുന്നതിനും വലിയ തുകകളുടെ പിന്‍വലിക്കലുകള്‍ ഒഴിവാക്കുന്നതിനും 2020ലെ ഫിനാന്‍സ് ആക്ട് പ്രകാരം ഉയര്‍ന്ന ടിഡിഎസ് നിരക്കുകള്‍ ഈടാക്കാന്‍ മുമ്പ് തീരുമാനമായതാണ്. ഇത് ഇപ്പോള്‍ പ്രായോഗികമായി എന്നതാണ് വസ്തുത. ഇതനുസരിച്ച് ജൂലൈ ഒന്ന് മുതലാണ് പുതിയ നിരക്കുകള്‍ ബാധകമാക്കിയിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷമായി ഐടിആര്‍ ഫയല്‍ ചെയ്യാത്തവര്‍ ബാങ്കില്‍ നിന്ന് പിന്‍വലിച്ച തുക 20 ലക്ഷത്തിന് മുകളിലാണെങ്കിലും ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു കോടി കവിയുന്നില്ലെങ്കിലും 2 ശതമാനം നിരക്കില്‍ ടിഡിഎസ് നല്‍കേണ്ടിവരും. പിന്‍വലിച്ച തുക ഒരു കോടിയെക്കാള്‍ മുന്നിലായാല്‍ ഐടിആര്‍ ഫയല്‍ ചെയ്യാത്തവര്‍ക്കായി 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 194 എന്‍ പ്രകാരം ടിഡിഎസ് 5 ശതമാനം നിരക്കില്‍ കുറയ്ക്കും.

ഒരു വ്യക്തി ഒരു സാമ്പത്തിക വര്‍ഷം ഒന്നോ അതിലധികമോ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കുന്ന ആകെ തുക 20 ലക്ഷം കവിയുമ്പോള്‍ മാത്രമേ ടിഡിഎസ് കുറയ്ക്കേണ്ടതുള്ളൂ. ഒരു വ്യക്തി തന്റെ ഐടിആര്‍ ഫയല്‍ ചെയ്യുകയും ഒരു കോടി രൂപ വരെ പണം പിന്‍വലിക്കുകയും ചെയ്താല്‍ ടിഡിഎസും ബാധകമല്ല. ഒരു കോടിയില്‍ കൂടുതല്‍ പണം പിന്‍വലിക്കുകയാണെങ്കില്‍, 2 ശതമാനം ടിഡിഎസ് മാത്രമേ ബാധകമാകൂ. 75 ലക്ഷം, 50 ലക്ഷം എന്നിങ്ങനെയുള്ള രണ്ട് ഇടപാടുകളില്‍ ഒരാള്‍ 1.25 കോടി പിന്‍വലിച്ചിട്ടുണ്ടെങ്കില്‍, ടിഡിഎസ് ബാധ്യത 25 ലക്ഷം രൂപയായ അധിക തുകയില്‍ മാത്രമേ ഉണ്ടാകൂ.

പിന്‍വലിക്കുന്നത് ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പോസ്റ്റോഫീസുകള്‍ എന്നിവ വഴി ആണെങ്കിലും ടിഡിഎസ് ബാധകമാകും. ഒരേ ബാങ്കിലെ എല്ലാ അക്കൗണ്ടുകളിലും പരിധി ബാധകമാകും. അതിനാല്‍, നിങ്ങള്‍ക്ക് ഒരേ ബാങ്കില്‍ ഒന്നിലധികം അക്കൗണ്ടുകളുണ്ടെങ്കില്‍, എല്ലാ അക്കൗണ്ടുകളിലുടനീളം അല്ലെങ്കില്‍ ഒരേ ബാങ്കിലെ ഏതെങ്കിലും ഒരു അക്കൗണ്ടിലെ നിര്‍ബന്ധിത പരിധി ലംഘിച്ചുകഴിഞ്ഞാല്‍ ടിഡിഎസ് ബാധകമാകും. വിവിധ ബാങ്കുകളിലുള്ള അക്കൗണ്ടുകള്‍ക്ക് പരിധി പ്രത്യേകം പ്രത്യേകമായി ബാധകമാകും.

Related Articles

© 2025 Financial Views. All Rights Reserved