വരുന്നത് വില വര്‍ധനവിന്റെ പുതുവര്‍ഷം; വര്‍ധനവ് എന്തിനെല്ലാം?

December 27, 2021 |
|
News

                  വരുന്നത് വില വര്‍ധനവിന്റെ പുതുവര്‍ഷം; വര്‍ധനവ് എന്തിനെല്ലാം?

ഇന്ത്യയിലെ വന്‍കിട ഉല്‍പ്പാദന, ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനികള്‍ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മറ്റൊരു വില വര്‍ധനവ് നടപ്പാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. കോവിഡിന്റെ പേരില്‍ ഈ വര്‍ഷം മാത്രം കമ്പനികള്‍ ഉല്‍പ്പന്നങ്ങളുടെ വില മൂന്നു തവണയോളം വര്‍ധിപ്പിച്ചിട്ടുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധന, ഗതാഗത ചെലവുകള്‍, വിതരണ തടസങ്ങള്‍ എന്നിവയാണ് കമ്പനികള്‍ ഉയര്‍ത്തികാട്ടുന്നത്. വില്‍പ്പനയില്‍ കുറവ് വന്നോക്കാം, പക്ഷെ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ 4-10 ശതമാനം വില വര്‍ധിപ്പിച്ചേക്കുമെന്ന് ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്സ് (എഫ്.എം.സി.ജി) കമ്പനികള്‍ വ്യക്തമാക്കി.

കണ്‍സ്യൂമര്‍ ഇലക്ട്രോണിക് കമ്പനികള്‍ റഫ്രിജറേറ്ററുകള്‍, വാഷിങ് മെഷീനുകള്‍, എയര്‍കണ്ടീഷണറുകള്‍ എന്നിവയുടെ വില ഈ മാസം ഇതുവരെ 3- 5 ശതമാനം ഉയര്‍ത്തിയിട്ടുണ്ട്. അടുത്ത മാസം മുതല്‍ 6-10 ശതമാനം വീണ്ടും വില വര്‍ധിപ്പിക്കാനാണ് മേഖലയുടെ നീക്കം. 2020 ഡിസംബറിന് ശേഷം ഇലക്ട്രിക് ഉപകരണങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വൈറ്റ് ഗുഡ്സിന്റെ വില ഇതു നാലാം തവണയാണ് വര്‍ധിപ്പിക്കുന്നത്. ഇതു മേഖലയിലെ റെക്കോഡാണ്. രാജ്യത്തെ വാഹന നിര്‍മാതാക്കളും വില വര്‍ധന നടപ്പാക്കിയിട്ടുണ്ടെന്നും അവ ഇനിയും വര്‍ധിപ്പിച്ചേക്കുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കോക്കിങ് കല്‍ക്കരിയും മറ്റ് ഇന്‍പുട്ട് ചെലവുകളും അല്‍പ്പം കുറഞ്ഞിട്ടുണ്ടെങ്കിലും, ഉരുക്ക് നിര്‍മ്മാതാക്കളില്‍ നിന്ന് ആവശ്യമായ പിന്തുണ മേഖലയ്ക്കു ലഭിക്കുന്നില്ലെന്ന് ഇവര്‍ വ്യക്തമാക്കി. ഉല്‍പ്പന്നങ്ങളുടെ വില നാലു ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മറ്റൊരു വില വര്‍ദ്ധന ഉണ്ടാകുമെന്നും ഡാബര്‍ അറിയിച്ചു. പണപ്പെരുപ്പം കുറയുന്നില്ലെങ്കില്‍, നാലാം പാദത്തില്‍ മറ്റൊരു റൗണ്ട് വിലവര്‍ദ്ധനവിന് ഞങ്ങള്‍ നിര്‍ബന്ധിതരാകുമെന്നാണു ഡാബര്‍ സി.ഇ.ഒ. മോഹിത് മല്‍ഹോത്ര പറഞ്ഞത്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡാബര്‍, ബ്രിട്ടാനിയ, മാരികോ തുടങ്ങിയവര്‍ ക്രൂഡ്, പാം ഓയില്‍, പാക്കേജിങ് എന്നിവയുടെ വില കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികം വര്‍ധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് പാദങ്ങളില്‍ ഉല്‍പ്പന്നങ്ങളുടെ വില 5-12 ശതമാനം ഉയര്‍ത്തിയിരുന്നു.

വില വര്‍ധിപ്പിച്ചിട്ടും പോലും മാര്‍ജിന്‍ കുറവാണ്. ഇതു തിരിച്ചടിയാണെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഫുഡ് കമ്പനിയായ പാര്‍ലെ പ്രോഡക്ട്‌സിന്റെ സീനിയര്‍ വിഭാഗം തലവന്‍ കൃഷ്ണറാവു ബുദ്ധ പറഞ്ഞു. അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ നേരിയ കുറവുണ്ടായിട്ടും വ്യക്തമായ ആശ്വാസവുമില്ല, അടുത്ത പാദത്തില്‍ ഞങ്ങള്‍ വില 4-5 ശതമവനം വരെ വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നീല്‍സന്റെ അഭിപ്രായത്തില്‍, സെപ്തംബര്‍ പാദത്തില്‍ എഫ്.എം.സി.ജി. വിപണി 12 ശതമാനം വികസിച്ചു. എന്നാല്‍ 90 ശതമാനം വളര്‍ച്ചയ്ക്ക് കാരണമായത് വില പരിഷ്‌കരണങ്ങളാണ്. ബാക്കിയുള്ളത് ഉല്‍പ്പന്നങ്ങളുടെ യൂണിറ്റ് എണ്ണമാണ്. സ്റ്റീല്‍, ചെമ്പ്, അലുമിനിയം, പ്ലാസ്റ്റിക്, ഘടകങ്ങള്‍ എന്നിവയുടെ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ ഉയര്‍ന്നതോടെ ഇന്‍പുട്ട് ചെലവ് 22-23 ശതമാനം വര്‍ധിച്ചതായി ഉപഭോക്തൃ ഡ്യൂറബിള്‍ വ്യവസായ എക്സിക്യൂട്ടീവുകള്‍ പറഞ്ഞു.

മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സ്‌കോഡ, ഫോക്‌സ് വാഗണ്‍, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടി.കെ.എം), ഹീറോ മോട്ടോകോര്‍പ്പ് തുടങ്ങിയ മുന്‍നിര വാഹന നിര്‍മാതാക്കള്‍ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റത്തെ തുടര്‍ന്നു വര്‍ഷം മുഴുവന്‍ നിരവധി തവണ വില ഉയര്‍ത്തിയിരുന്നു. ജനുവരി നാലു മുതല്‍ ഹീറോ മോട്ടോകോര്‍പ്പ് അതിന്റെ ശ്രേണിയിലുടനീളം വില വീണ്ടും 2,000 രൂപ വരെ ഉയര്‍ത്താനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം കമ്പനി നടത്തുന്ന നാലാമത്തെയും 18 മാസത്തിനിടെ ആറാമത്തെയും വില വര്‍ധനയാണിത്.

2020 ഏപ്രില്‍- മേയ് മാസങ്ങളില്‍ കിലോയ്ക്ക് 38 രൂപയായിരുന്ന സ്റ്റീല്‍ വില ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കിലോയ്ക്ക് 77 രൂപയായി ഉയര്‍ന്നു. ചെമ്പ് വില ടണ്ണിന് 9,700 ഡോളറായി ഉയര്‍ന്നു. 2020 മേയില്‍ ടണ്ണിന് 5,200 ഡോളറായിരുന്നു. അലുമിനിയം വിലയും ഉയര്‍ന്നു. ടണ്ണിന് 1,700- 1,800 ഡോളറില്‍ നിന്ന് 2,700- 2,800 ഡോളറിലേക്ക് ഉയര്‍ന്നു.

വിലയേറിയ ലോഹമായ റോഡിയത്തിന്റെ വിലയില്‍ ചില മയപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ട്. ടണ്ണിന് 26,000 ഡോളറില്‍നിനന് 18,000 ഡോളറിലേക്കാണ് കുറഞ്ഞത്. എന്നാല്‍ ഇതു താല്‍കാലികം മാത്രമാണെന്നാണു നിഗമനം. കോക്കിങ് കല്‍ക്കരി വില വര്‍ഷാരംഭത്തില്‍ 180 രൂപയില്‍ നിന്ന് ക്വിന്റലിന് 432 രൂപയിലേക്കാണ് കുതിച്ചത്. കല്‍ക്കരിക്കു നേരിട്ട ക്ഷാമം തന്നെയാണ് ഇതിനു കാരണം.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved