
ന്യൂയോര്‍ക് സിറ്റി: നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള എല്ലാ ബിസിനസ് കരാറുകളും റദ്ദാക്കാന്‍ ന്യൂയോര്‍ക് സിറ്റിയുടെ തീരുമാനം. കാപിറ്റോള്‍ തിയേറ്റര്‍ ആക്രമണത്തിന് പിന്നാലെയാണ് ഈ തീരുമാനം. നഗരത്തിന്റെ മേയര്‍ ബില്‍ ദെ ബ്ലാസിയോയാണ് ബുധനാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്.
ന്യൂയോര്‍ക് സിറ്റി സെന്‍ട്രല്‍ പാര്‍ക്കിലെ രണ്ട് ഐസ് റിങ്കുകളും ഒരു കറൂസലും ട്രംപ് ഓര്‍ഗനൈസേഷനാണ് നടത്തുന്നത്. നോര്‍ത്തേണ്‍ സിറ്റിയായ ബ്രോന്‍ക്‌സില്‍ ഒരു ഗോള്‍ഫ് കോഴ്‌സും ട്രംപ് ഓര്‍ഗനൈസേഷന്റേതായുണ്ട്. ഈ സൈറ്റുകളില്‍ നിന്ന് വര്‍ഷം 17 ദശലക്ഷം ഡോളറിന്റെ ലാഭമാണ് ട്രംപ് ഓര്‍ഗനൈസേഷന് കിട്ടിക്കൊണ്ടിരുന്നത്.
പാര്‍ലമെന്റ് മന്ദിരത്തിലേക്കുള്ള ട്രംപ് അനുയായികളുടെ കടന്നുകയറ്റം അമേരിക്കന്‍ പ്രസിഡന്റിന്റെ ബിസിനസ് താത്പര്യങ്ങളെ എങ്ങിനെ ദോഷകരമായി ബാധിക്കുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. ന്യൂ ജേഴ്‌സിയിലെ ഇദ്ദേഹത്തിന്റെ ഗോള്‍ഫ് കോഴ്‌സില്‍ നിന്ന് പിജിഎ ചാമ്പ്യന്‍ഷിപ്പ് മാറ്റാന്‍ പിജിഎ അമേരിക്ക ഞായറാഴ്ച തീരുമാനിച്ചിരുന്നു. സമൂഹമാധ്യമങ്ങള്‍ ട്രംപിന്റെ അക്കൗണ്ടുകള്‍ വിലക്കിയതും ഷോപിഫൈ ഇദ്ദേഹത്തിന്റെ ഓണ്‍ലൈന്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനം റദ്ദാക്കിയതിനും പിന്നാലെയായിരുന്നു ഇത്. യൂട്യൂബ് ട്രംപിന്റെ വീഡിയോ പ്ലാറ്റ്‌ഫോം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു. ഏഴ് ദിവസത്തേക്കാണിത്.