രണ്ടര ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം ടാക്‌സ്; അഞ്ചു ലക്ഷത്തിന് വരെ റിബേറ്റില്‍ മാറ്റമുണ്ടാകില്ലെന്ന് സൂചന; സാമ്പത്തിക പ്രതിസന്ധിക്കിടെ നികുതി പരിഷ്‌കരണത്തിന് സര്‍ക്കാര്‍

August 29, 2019 |
|
News

                  രണ്ടര ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം ടാക്‌സ്; അഞ്ചു ലക്ഷത്തിന് വരെ റിബേറ്റില്‍ മാറ്റമുണ്ടാകില്ലെന്ന് സൂചന; സാമ്പത്തിക പ്രതിസന്ധിക്കിടെ നികുതി പരിഷ്‌കരണത്തിന് സര്‍ക്കാര്‍

ഡല്‍ഹി: കഴിഞ്ഞ കുറച്ച് മാസങ്ങളായി കടുത്ത സാമ്പത്തിക പ്രതിന്ധിയിലൂടെയാണ് രാജ്യം കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഈ വേളയിലാണ് ആദായ നികുതിയില്‍ പരിഷ്‌കരണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുന്നത്. ഇപ്പോള്‍ നിലവിലുള്ള നികുതിഘടന പൊളിച്ചെഴുതുമെന്നും ഇക്കാര്യത്തില്‍ പ്രത്യക്ഷ നികുതി കര്‍മ്മസമിതിയുടെ ശുപാര്‍ശ നടപ്പാക്കാനാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ശ്രമങ്ങള്‍ നടത്തുന്നത്. ഇത് നിവലില്‍ വരുമ്പോള്‍ 5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള ആളുകളുടെ ആദായ നികുതി 20 ശതമാനത്തില്‍ നിന്നും 10 ശതമാനമായി കുറയും. മാത്രമല്ല 10 ലക്ഷം മുതല്‍ 20 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ ഇപ്പോള്‍ അടയ്ക്കുന്ന 30 ശതമാനം നികുതി എന്നത് 20 ആയി കുറയ്ക്കുമെന്ന സൂചനയും പുറത്ത് വരുന്നു. 

വരുമാനം രണ്ട് കോടിയില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ച്ചാര്‍ജ് ഒഴിവാക്കി 35 ശതമാനം നികുതി ചുമത്താമെന്നും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അംഗം അഖിലേഷ് രഞ്ജന്‍ അധ്യക്ഷനായ സമിതി ഈ മാസം 19നാണ് ധനമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കിയത്. വ്യക്തികളുടെ ആദായ നികുതിയില്‍ ഇളവ് വരുത്തണമെന്നും ശുപാര്‍ശയുണ്ട്. പത്ത് ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവരുടെ നികുതി 20 ശതമാനമായി കുറയ്ക്കണമെന്നാണ് ശുപാര്‍ശ.

അഞ്ചു ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം നികുതിക്കാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്. വരുമാനം 5 ലക്ഷത്തില്‍ കൂടിയാല്‍ മാത്രമാണ് നികുതി ഈടാക്കുന്നത്. പുതിയ നിരക്കുകള്‍ വരുമ്പോള്‍ 5 ലക്ഷംവരെയുള്ള റിബേറ്റ് പരിഷ്‌കരിക്കുമോയെന്നു വ്യക്തമല്ല. നിലവില്‍ രണ്ടരലക്ഷത്തിനും അഞ്ചുലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവര്‍ക്ക് അഞ്ചുശതമാനം ആദായ നികുതിയും അഞ്ചുലക്ഷത്തിനും പത്ത് ലക്ഷത്തിനും ഇടയ്ക്ക് വരുമാനമുള്ളവര്‍ക്ക് 20 ശതമാനവുമാണ് നിരക്ക്. പത്ത് ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് 30 ശതമാനമാണ് നിലവിലെ നികുതി. അഞ്ചുലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 2019ലെ ഇടക്കാല ബജറ്റില്‍ പിയൂഷ് ഗോയല്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. 

അതായത് അഞ്ചുലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതി അടയ്ക്കേണ്ടിവരില്ലെന്ന സൂചനയാണുള്ളത്. നിലവില്‍ 5 ലക്ഷം വരെ നികുതി റിബേറ്റ് നല്‍കുന്നുണ്ട്. ഓഗസ്റ്റ് 19നാണ് ധനമന്ത്രി നിര്‍മല സീതാരാമന് സര്‍ക്കാര്‍ രൂപീകരിച്ച സമിതി റിപ്പോര്‍ട്ട് കൈമാറിയത്. എന്നാല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല. സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ല. 20 ലക്ഷം മുതല്‍ രണ്ട് കോടി രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നിലവിലുള്ള 30 ശതമാനം നികുതി തന്നെ തുടരണമെന്നാണ് സമിതിയുടെ ശുപാര്‍ശയെന്നാണ് വിവരം. നിര്‍ദേശങ്ങള്‍ പഠിച്ച ശേഷം മാത്രമേ ധനമന്ത്രാലയം ഇക്കാര്യത്തില്‍ ഒരു തീരുമാനം കൈക്കൊള്ളുകയുള്ളൂ.

റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്ന ശുപാര്‍ശകര്‍ ഒറ്റനോട്ടത്തില്‍:

സര്‍ചാര്‍ജ് പരമാവധി ഒഴിവാക്കുക, സര്‍ചാര്‍ജ് ചുമത്തിയാല്‍തന്നെ അത് താല്‍ക്കാലികമായിരിക്കണം.

എല്ലാ ആഭ്യന്തര, വിദേശ കമ്പനികള്‍ക്കും 25% കോര്‍പറേറ്റ് നികുതി

ലാഭവിഹിത വിതരണ നികുതി (ഡിഡിടി) ഒഴിവാക്കുക

മിനിമം ഓള്‍ട്ടര്‍നേറ്റ് നികുതി (എംഎടി) ഒഴിവാക്കുക.

കമ്പനികള്‍ ഓഹരിയുടമകള്‍ക്കു നല്‍കുന്ന ലാഭവിഹിതമനുസരിച്ചാണ് ഡിഡിടി ഈടാക്കുന്നത്.

ഓഹരിയുടമകള്‍ക്കു നല്‍കാത്തതായ ലാഭവിഹിതത്തിന്മേല്‍ നികുതി ഈടാക്കിയാല്‍ മതിയെന്നും ഓഹരിയുടമകള്‍ക്കു നല്‍കുന്നതും ഉള്‍പ്പെടുത്തിയാല്‍ അത് ഇരട്ട നികുതിയാകുമെന്നുമാണ് സമിതിയുടെ നിലപാട്.

ആദായനികുതി: നിലവിലെ നിരക്ക്- 2.50 ലക്ഷം വരെ : നികുതി ഇല്ല

2.50 -5 ലക്ഷം : 5%

5- 10 ലക്ഷം : 20%

10 ലക്ഷത്തിനു മുകളില്‍ : 30%

പുതിയ നിര്‍ദ്ദേശം: 2.50 ലക്ഷം വരെ : നികുതി ഇല്ല

2.50- 10 ലക്ഷം : 10%

10- 20 ലക്ഷം : 20%

20 ലക്ഷം- 2 കോടി : 30%

2 കോടിക്കു മുകളില്‍ : 35%

Related Articles

© 2025 Financial Views. All Rights Reserved