നീരവ് മോദിയെ ഇന്ത്യയിലേക്കു നാടുകടത്താന്‍ ഉത്തരവിട്ട് യുകെ കോടതി; നീരവിന്റെ വാദങ്ങള്‍ തള്ളി

February 25, 2021 |
|
News

                  നീരവ് മോദിയെ ഇന്ത്യയിലേക്കു നാടുകടത്താന്‍ ഉത്തരവിട്ട് യുകെ കോടതി;  നീരവിന്റെ വാദങ്ങള്‍ തള്ളി

ലണ്ടന്‍: 14,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പു കേസില്‍ ലണ്ടനില്‍ ജയിലില്‍ കഴിയുന്ന രത്‌നവ്യാപാരി നീരവ് മോദിയെ (49) ഇന്ത്യയിലേക്കു നാടുകടത്തും. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് പരിഗണിച്ച ജില്ലാ ജഡ്ജി സാമുവേല്‍ ഗൂസ്, നീരവിനെതിരെ ഇന്ത്യ ഹാജരാക്കിയ തെളിവുകള്‍ സ്വീകാര്യമാണെന്നു വ്യക്തമാക്കി.

'നീരവ് മോദി കുറ്റവാളിയാണ് എന്നതിനു ധാരാളം തെളിവുണ്ട്. ഇതില്‍ ഞാന്‍ സംതൃപ്തനാണ്. നാടു കടത്തിയാല്‍ നീരവിനു നീതി കിട്ടില്ലെന്നതിനു തെളിവൊന്നുമില്ല. നീരവ് നേരിട്ടാണു വായ്പാത്തട്ടിപ്പ് നടത്തിയത്. ഇദ്ദേഹത്തിന്റെ കമ്പനികളില്‍ വ്യാജ പങ്കാളികളാണ് ഉള്ളതെന്നതു സിബിഐ അന്വേഷിക്കുകയാണ്. നീരവ് നടത്തുന്ന നിഴല്‍ കമ്പനികളാണിത്. ന്യായമായ ഇടപാടുകള്‍ നടന്നതായി കാണുന്നില്ല. പ്രഥമദൃഷ്ട്യാ സാമ്പത്തിക ക്രമക്കേട് നടന്നതായി കാണാനാകും' ജഡ്ജി അഭിപ്രായപ്പെട്ടു.

കോവിഡും ഇന്ത്യയിലെ ജയില്‍ സാഹചര്യങ്ങളും തന്റെ മാനസികാരോഗ്യം മോശമാക്കും എന്നതടക്കം നീരവ് ഉന്നയിച്ച വാദങ്ങള്‍ തള്ളിയാണു കോടതിയുടെ ഉത്തരവ്. നീരവിനെതിരായി ഇന്ത്യ 16 വാല്യം തെളിവ് ഹാജരാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ടു വര്‍ഷത്തേളം നീണ്ട നിയമപോരാട്ടം ഇതോടെ അവസാനിക്കുമെന്നാണു കരുതുന്നത്. കോടതിയുടെ റൂളിങ് യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന് അയച്ചു കൊടുക്കും. ഹൈക്കോടതിയില്‍ അപ്പീല്‍ പോകുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും അന്തിമ തീരുമാനമെന്നാണു റിപ്പോര്‍ട്ട്. വാന്‍ഡ്‌സ്‌വര്‍ത്ത് ജയിലില്‍നിന്ന് വിഡിയോ കോണ്‍ഫറന്‍സ് വഴിയാണു നീരവ് കോടതി നടപടികളില്‍ പങ്കെടുത്തത്.

പഞ്ചാബ് നാഷനല്‍ ബാങ്കില്‍ (പിഎന്‍ബി) നിന്നു വ്യാജരേഖകള്‍ ഹാജരാക്കി കോടിക്കണക്കിനു രൂപ വായ്പയെടുത്തു മുങ്ങിയ നീരവ് മോദി 2019 മാര്‍ച്ചിലാണു ലണ്ടനില്‍ അറസ്റ്റിലായത്. നീരവിനെ നാടുകടത്തുന്നതില്‍ മനുഷ്യാവകാശ ലംഘനമില്ലെന്നു ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് കോടതിയെ അറിയിച്ചിരുന്നു. നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 14,000 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണു കേസ്. തട്ടിപ്പിലൂടെ സമ്പാദിച്ച പണത്തിന്റെ ഒരു ഭാഗം സഹോദരി പൂര്‍വി മോദിയുടെ അക്കൗണ്ടിലെത്തിയെന്നും ഇഡി ആരോപിക്കുന്നു.

വന്‍കിട ബിസിനസുകാര്‍ക്കു ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടിനു സൗകര്യമൊരുക്കുന്ന ബയേഴ്‌സ് ക്രെഡിറ്റ് (ലെറ്റര്‍ ഓഫ് കംഫര്‍ട്) രേഖകള്‍ ഉപയോഗിച്ചാണു നീരവ് വിദേശത്തു തട്ടിപ്പു നടത്തിയത്. പിഎന്‍ബിയുടെ ജാമ്യത്തിന്റെ ബലത്തില്‍ വിദേശത്തെ ബാങ്കുകളില്‍നിന്നു വന്‍തോതില്‍ പണം പിന്‍വലിച്ചു. ഈ പണം തിരിച്ചടയ്ക്കാത്തതു മൂലം ബാധ്യത, ജാമ്യം നിന്ന പിഎന്‍ബിക്കായി. നീരവ് മോദി, ഭാര്യ ആമി, സഹോദരന്‍ നിഷാല്‍, ബിസിനസ് പങ്കാളിയും അമ്മാവനുമായ മെഹുല്‍ ചിന്നുഭായ് ചോക്‌സി എന്നിവര്‍ പിഎന്‍ബിയെ കബളിപ്പിച്ച് 280 കോടി രൂപ തട്ടിയ കേസുമായി ബന്ധപ്പെട്ട് ബാങ്ക് നടത്തിയ വിശദ പരിശോധനയിലാണ് 2011 മുതലുള്ള വന്‍ ക്രമക്കേടുകള്‍ പുറത്തു വന്നത്.

Related Articles

© 2025 Financial Views. All Rights Reserved