
ലണ്ടന്‍: രാജ്യത്തെ ഞെട്ടിച്ച ബാങ്ക് തട്ടിപ്പിന് പിന്നാലെ ലണ്ടനിലേക്ക് ചേക്കേറിയ നീരവ് മോദിയ്ക്ക് ജാമ്യം കിട്ടാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. ആഗസ്റ്റ് 22 വരെ വജ്രവ്യാപാരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീക്കാന്‍ ഉത്തരവിട്ട വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി ഏതാനും ആഴ്ച്ച മുന്‍പാണ് നീരവിന്റെ ജാമ്യാപേക്ഷ തള്ളിയത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13500 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയ ശേഷം ഇന്ത്യവിട്ട നീരവിനെ ഇക്കഴിഞ്ഞ മാര്‍ച്ച് 19 സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പോലീസ് ലണ്ടനില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ ഇയാളെ വിട്ടുകിട്ടുന്നതിനായി ഇന്ത്യ സമ്മര്‍ദ്ദം ശക്തിപ്പെടുത്തിയിട്ടും ഫലം കണ്ടില്ല. ജയിലില്‍ കഴിയുന്ന നീരവ് മോദിയെ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് കോടതി വിസ്തരിച്ചത്.
നീരവ് മോദിയുടെ നാല് സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി ആഴ്ച്ചകള്‍ക്ക് മുന്‍പേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഇടപെടലിലാണ് സ്വിറ്റ്സര്‍ലാന്‍ഡ് സര്‍ക്കാര്‍ നാല് സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് നിയമ നടപടിക്ക് വിധേയമാക്കിയത്. നീരവ് മോദിയുടെ നാല് അക്കൗണ്ടുകളിലും ആകെയുണ്ടായിരുന്നത് 283.16 കോടി രൂപയാണ്. Prevention of Money Laundering Act (PMLA) ആക്ട് പ്രകാരമാണ് എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ സ്വിസ്റ്റര്‍ലാന്‍ഡ് സര്‍ക്കാറിനോട് അക്കൗണ്ട് മരവിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് അന്യായമായി വായ്പയെടുത്ത് സ്വിസ് ബാങ്കില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കൂടുതല്‍ നടപടിയുമായി മുന്നോട്ടുപോകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചത്.
അതേസമയം ലണ്ടന്‍ കോടതി നാലാം തവണയും നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. നീരവ് മോദിക്ക് ജാമ്യം നല്‍കിയാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും, സാക്ഷികളെ സ്വാധീനിക്കുമെന്നും കോടതി നിരീക്ഷിച്ചിരുന്നു. കൊങ്കണ്‍ മേഖലയിലെ അലിബാഗില്‍ തീരനിര്‍മ്മാണ ചട്ടം ലംഘിച്ചു പണിത മോദിയുടെ ബംഗ്ലാവ് അടുത്തിടെ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നിനാണ് നീര വ് മോദി രാജ്യം വിട്ടത്. ജനുവരി 29നാണ് നീരവിനെതിരെയുള്ള 280 കോടിയുടെ തട്ടിപ്പിന്റെ പരാതി പിഎന്‍ബി സിബിഐയ്ക്കു നല്‍കുന്നത്. 31ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ലുക്ക്ഔട്ട് നോട്ടിസും പുറത്തിറക്കി.
തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ള നീരവിന്റെ സഹോദരന്‍ വിശാലും ജനുവരി ഒന്നിന് രാജ്യം വിട്ടു.അമേരിക്കന്‍ പൗരത്വമുള്ള ഭാര്യ ആമിയും ബിസിനസ് പങ്കാളിയും അമ്മാവനുമായ മെഹുല്‍ ചിന്നുഭായ് ചോക്‌സിയും ജനുവരി ആറിനു രാജ്യം വിട്ടു. നാലു പേര്‍ക്കെതിരെയും ലുക്കൗട്ട് നോട്ടിസ് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും ഉള്‍പ്പെടെ അയച്ചിരുന്നു.
മുംബൈയില്‍ കടല്‍ത്തീരം കൈയേറി നീരവ് അനധികൃതമായി നിര്‍മ്മിച്ച 100 കോടി രൂപ വിലവരുന്ന ഫ്‌ളാറ്റ് കഴിഞ്ഞ ദിവസം റവന്യൂ ഉദ്യോഗസ്ഥര്‍ ഡയനമൈറ്റ് വച്ച് തകര്‍ത്തിരുന്നു.അതിന് പിന്നാലെയാണ് ലണ്ടനിലെ ആഡംബരങ്ങളുടെ വിവരങ്ങള്‍ പുരത്തു വന്നത്. ലണ്ടനില്‍ 72 കോടി രൂപയുടെ പുതിയ ആഡംബര വില്ല പണിയുന്നതിനിടെയാണ് നീരവ് അറസ്റ്റിലാകുന്നത്. മാസം 10 ലക്ഷം രൂപ വാടകയുള്ള മൂന്ന് ബെഡ്റൂം ഫ്‌ളാറ്റിലായിരുന്നു താമസമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.