
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ള പ്രതിസന്ധി എന്താണ്. കേന്ദ്രസര്‍ക്കാറിന് ഉത്തരം കിട്ടാത്ത ചോദ്യമായി മാറിയിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ ഭരണ പരിഷ്‌കാരങ്ങള്‍ സമ്പദ് വ്യവസ്ഥയ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം സമ്പദ് വ്യവസ്ഥ എപ്പോള്‍ ശക്തി പ്രാപിക്കുമെന്ന് പറയാന്‍ സാധിക്കില്ലെന്ന്് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.
അതേസമയം രാജ്യത്ത് ഉപഭോഗ മേഖല ശക്തിപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നീക്കം നടത്തുന്നത്.അടിസ്ഥാന സൗകര്യ വികസന രംഗത്ത് പദ്ധതികള്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യും. ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്ക് നല്‍കാനുള്ള കുടിശികയുടെ വിതരണം പൂര്‍ത്തീകരിക്കാന്‍ സാധിച്ചെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം പൗരത്വ നിയമ ഭേഗദതിക്കെതിരെ രാജ്യത്താകെ ആളിക്കത്തിയ പ്രതിഷേധം സമ്പദ് വ്യവസ്ഥയില്‍ ആഘാതം സൃഷ്ടിച്ചേക്കും. പ്രധാനമായും വിപണി കേന്ദ്രങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
സാമ്പത്തിക പ്രതസിന്ധി രൂക്ഷമായിരിക്കെ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത കാട്ടേണ്ട സമയം അടുത്തുവെന്നാണ് വിലയിരുത്തല്‍. വളര്‍ച്ചാ നിരക്കില്‍ ഭീമമായ ഇടിവാണ് നടപ്പുവര്‍ഷത്തെ ആദ്യപാദത്തിലും രണ്ടാം പാദത്തിലും രേഖപ്പെടുത്തിയിട്ടുള്ളത്. ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനമായി രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം കോര്‍പ്പറേറ്റുകളുടെ ടാക്‌സ് 22 ശതമാനമാക്കിയിട്ടും വ്യവസായ മേഖല ഏറ്റവും വലിയ തളര്‍ച്ചയാണ് നേരിട്ടത്.
അതേസമയം സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ഊര്‍ജിതമായ ശ്രമമാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. വ്യവസായിക ഉത്പ്പാദനത്തിലും, കണ്‍സ്ട്രക്ഷന്‍ മേഖലയിലുമെല്ലാം നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തില്‍ വലിയ തളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ഗ്രോസ് ഫിക്സഡ് ക്യാപിറ്റല്‍ ഫോര്‍മേഷന്‍ (ജിഎഫ്സിഎഫ്) ല്‍ അഥവാ മൊത്ത സ്ഥിര മൂലധന നിക്ഷേപ സമാഹരണത്തില്‍ സെപ്റ്റംബറില്‍ ഇടവ് രേഖപ്പെടുക്കിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
വിവിധ റേറ്റിങ് ഏജന്‍സികളും നിലവില്‍ ഇന്ത്യയുടെ ളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ചിട്ടുണ്ട്. ആഗോള റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 5.1 ശതമാനമായാണ് വെട്ടിക്കുറച്ചത്. അതേസമയം നേരത്തെ ക്രിസില്‍ വിലയിരുത്തിയത് 6.3 ശതമാനമായിരുന്നു. നോമുറ നടപ്പുവര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 4.7 ശതമാനമായും വെട്ടിക്കുറച്ചു. ഉപഭോഗ നിക്ഷേപ മേഖലയിലും, കാര്‍ഷിക വ്യാപാര മേഖലയിലുമെല്ലാം രൂപപ്പെട്ട തളര്‍ച്ചയാണ് വളര്‍ച്ചാ നിരക്ക് കുറയാന്‍ പ്രധാന കാരണമാകുക എന്നാണ് വിലയിരുത്തല്‍.