
കേന്ദ്ര ധന, കോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ബുധനാഴ്ച പൊതുമേഖല ബാങ്കുകളുടെ വാതില്‍പ്പടി (ഡോര്‍ സ്റ്റെപ്) ബാങ്കിംഗ് സേവനം ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പൗരന്മാരും വികലാംഗരും ഉള്‍പ്പെടെ വിവിധ ബാങ്കുകളിലെ നിരവധി ഉപഭോക്താക്കള്‍ക്ക് പദ്ധതി പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോള്‍ സെന്റര്‍, വെബ് പോര്‍ട്ടല്‍ അല്ലെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ വഴി ഉപയോക്താക്കള്‍ക്ക് ബാങ്കിംഗ് സേവനങ്ങളുടെ സൗകര്യം പ്രദാനം ചെയ്യുകയാണ് ഡോര്‍സ്റ്റെപ്പ് ബാങ്കിംഗ് സേവനങ്ങളുടെ ലക്ഷ്യം.
ഇതുവഴി ഉപയോക്താക്കള്‍ക്ക് അവരുടെ സേവന അഭ്യര്‍ത്ഥന ട്രാക്കുചെയ്യാനും കഴിയും. രാജ്യത്തൊട്ടാകെയുള്ള 100 കേന്ദ്രങ്ങളിലായി തിരഞ്ഞെടുത്ത സേവന ദാതാക്കള്‍ വിന്യസിച്ചിരിക്കുന്ന വാതില്‍പ്പടി ബാങ്കിംഗ് ഏജന്റാണ് സേവനങ്ങള്‍ നല്‍കുന്നതെന്ന് ധനമന്ത്രാലയം അറിയിച്ചു. നിലവില്‍ ചെക്ക് മാറല്‍, ഡിമാന്‍ഡ് ഡ്രാഫ്റ്റ്, പേ ഓര്‍ഡര്‍ തുടങ്ങിയ സാമ്പത്തികേതര സേവനങ്ങള്‍ മാത്രമേ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകൂ. സാമ്പത്തിക സേവനങ്ങള്‍ ഒക്ടോബര്‍ മുതല്‍ ലഭ്യമാക്കും. പൊതുമേഖലാ ബാങ്കുകളിലെ ഉപഭോക്താക്കള്‍ക്ക് നാമമാത്ര നിരക്കില്‍ ഈ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു. ബാങ്കുകള്‍ തങ്ങളുടെ പ്രധാന ബിസിനസ്സിനെക്കുറിച്ച് ആത്മപരിശോധന നടത്തണമെന്നും ഉപഭോക്താക്കളുടെ ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ധനമന്ത്രി പറഞ്ഞു.
ബാങ്കുകളുടെ പ്രധാന പ്രവര്‍ത്തനം മറക്കരുതെന്നും, കടം കൊടുക്കുകയും അതില്‍ നിന്ന് പണം സമ്പാദിക്കുകയുമാണ് ബാങ്കുകള്‍ ചെയ്യേണ്ടതെന്നും അത് ഒരു നിയമാനുസൃത പ്രവര്‍ത്തനമാണെന്നും പൊതുമേഖലയായതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ കൂടി ചെയ്യേണ്ടതുണ്ടെന്നും ധനമന്ത്രി ബാങ്കുകളോട് പറഞ്ഞു.