
ഡല്‍ഹി: ഇന്ത്യ അനുഭവിക്കുന്ന സാമ്പത്തിക മാന്ദ്യം ശക്തമായിരിക്കുന്ന വേളയിലാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വേളയില്‍ സാമ്പത്തിക രംഗത്തെ മെച്ചപ്പെടുത്തുന്നതിനുള്ള കൂടുതല്‍ ഉത്തേജന പദ്ധതികള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്. ഡല്‍ഹിയിലെ നാഷണല്‍ മീഡിയ സെന്ററില്‍ ഉച്ച കഴിഞ്ഞ് 2.30നാണ് മന്ത്രി മാധ്യമങ്ങളെ കാണുന്നതെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ ശക്തമായ പ്രതിസന്ധി നേരിടുന്ന കയറ്റുമതി, വാഹനം എന്നീ മേഖലകളില്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്.
സാമ്പത്തിക പ്രതിസന്ധിയും തൊഴില്‍ നഷ്ടവും ഇല്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന പ്രചാരണം തെറ്റാണെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. വ്യാപകമായി ജോലി നഷ്ടമുണ്ടാകുമെന്ന പ്രചരണം ശരിയല്ലെന്നും അവര്‍ പറഞ്ഞു. സര്‍ക്കാരുമായി ആശയവിനിമയം നടത്താന്‍ ഏതെങ്കിലും മേഖലയിലുള്ളവര്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ അവരെ സ്വഗതം ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു. ഏതെങ്കിലും മേഖലയില്‍ നിന്നും പിന്തുണയോ സഹായമോ വേണമെന്നുള്ള ആവശ്യം ഉയര്‍ന്നാല്‍ അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്.
സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറഞ്ഞതിനു കാരണം മോദി സര്‍ക്കാരിന്റെ നയങ്ങളെന്ന മന്മോഹന്‍സിംഗിന്റെ പ്രതികരണം വ്യക്തിപരമായ അഭിപ്രായമാണ്. അതിനെക്കുറിച്ച് താന്‍ കൂടുതല്‍ കേട്ടിട്ടില്ല. അതുകൊണ്ടുതന്നെ പ്രതികരിക്കാനില്ലെന്ന് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. ജിഎസ്ടി നിരക്ക് കുറയ്ക്കേണ്ടത് ജി എസ് ടി കൗണ്‍സിലാണ്. അസംഘടിത മേഖലയിലെ കൃത്യമായ കണക്ക് ലഭിക്കേണ്ടതുണ്ട്. എല്ലാ മേഖലകളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. ബാങ്കുകളുടെ ലയനം മൂലം ഒരാളുടെ പോലും ജോലി നഷ്ടപ്പെടില്ല. ലയനം ബാങ്കുകളുടെ പ്രവര്‍ത്തനം സുഗമമാക്കുമെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ആശങ്കാജനകമാണെന്നായിരുന്നു മുന്‍ പ്രധാനമന്ത്രി മന്മോഹന്‍സിങ് പറഞ്ഞത്. ''രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ആശങ്കാജനകമാണ്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലെ ജിഡിപി വളര്‍ച്ചാ നിരക്ക് വെറും 5 ശതമാനത്തില്‍ ഒതുങ്ങിയതിന്റെ അര്‍ത്ഥം നമ്മള്‍ വലിയൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നു എന്നാണ്. വന്‍ വളര്‍ച്ചയ്ക്ക് സാധ്യതയുള്ള രാജ്യമാണ് ഇന്ത്യ. പക്ഷേ, മോദി സര്‍ക്കാരിന്റെ ആകെ മൊത്തമുള്ള പിടിപ്പുകേടുകൊണ്ട് രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നീങ്ങുന്നത്'', മന്മോഹന്‍ സിങ് പ്രസ്താവനയില്‍ പറയുന്നു.
രാജ്യത്ത് സാമ്പത്തിക രംഗം ശക്തമായ മാന്ദ്യം നേരിടുന്ന വേളയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്ന വേളയിലാണ് ഇക്കാര്യത്തില്‍ അഭിപ്രായം പ്രകടിപ്പിച്ച് അന്താരാഷട്ര നാണ്യ നിധിയും (ഐഎംഎഫ്) രംഗത്തെത്തിയത്. പാരിസ്ഥിതിക കാരണങ്ങളും കോര്‍പ്പറേറ്റ് മേഖലയിലെ തളര്‍ച്ചയും ഇന്ത്യയുടെ വളര്‍ച്ചയെ സാരമായി ബാധിച്ചുവെന്നും ഇപ്പോള്‍ ഇന്ത്യയിലുള്ള സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിലും ദുര്‍ബലമാണെന്നും ഐഎംഎഫ് അറിയിച്ചു.
മാത്രമല്ല ബാങ്കിതര സ്ഥാപനങ്ങളേയും സാമ്പത്തിക മാന്ദ്യം ബാധിച്ചിട്ടുണ്ടെന്നും ഏപ്രില്‍- ജൂണ്‍ പാദത്തിലെ വളര്‍ച്ച ഏഴ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ അഞ്ച് ശതമാനത്തില്‍ എത്തിയെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ എട്ട് ശതമാനമായിരുന്നു വളര്‍ച്ച. 2019-20 വര്‍ഷത്തെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ അനുമാനം ഐഎംഎഫ് 0.3 ശതമാനം കുറച്ച് ഏഴുശതമാനമാക്കി. 2021 സാമ്പത്തിക വര്‍ഷത്തില്‍ 7.2 ശതമാനം വളര്‍ച്ചകൈവരിക്കുമെന്നാണ് ഐഎംഎഫിന്റെ അനുമാനം.