
ന്യൂഡല്‍ഹി: കോവിഡ് സാമ്പത്തിക പാക്കേജിന്റെ നാലാം ഭാഗത്തില്‍ ഭാവിയില്‍ സ്വീകരിക്കേണ്ട സാമ്പത്തിക പരിഷ്‌കരണ നടപടികളെ കുറിച്ചാണ് കേന്ദ്രമന്ത്രി വിശദീകരിച്ചത്. പ്രധാനമന്ത്രി സൂചിപ്പിച്ച സ്വയം പര്യാപ്തത കൈവരിക്കുന്ന ഇന്ത്യയ്ക്ക് വേണ്ടിയുള്ളതാണ് ഇന്നത്തെ പ്രഖ്യാപനങ്ങള്‍. ഇന്ത്യയെ കരുത്തുള്ളതാക്കുകയും സ്വന്തം മികവുകളില്‍ ഊന്നിനിന്ന് മുന്നേറാന്‍ സഹായിക്കുന്നതാണ് ഇവയെന്നും ധനമന്ത്രി പറഞ്ഞു.
ആഗോള വെല്ലുവിളികള്‍ നേരിടാനായാലേ സ്വയം പര്യാപ്തമാകാന്‍ രാജ്യത്തിന് സാധിക്കൂവെന്ന് ധനമന്ത്രി പറഞ്ഞു. പരിഷ്‌കാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. ഘടനാപരമായ മാറ്റം, തൊഴില്‍ സാധ്യത എന്നിവയാണ് ഇന്നത്തെ മുന്‍ഗണന നല്‍കുന്നത്. കൂടുതല്‍ ഉല്‍പ്പാദനം ലക്ഷ്യമിടുന്നതിനും ജോലി ഉറപ്പാക്കുന്നതുമാണ് ഇതെന്നും അവര്‍ പറഞ്ഞു.
ഇന്ത്യയെ ബിസിനസ് സൗഹൃദ ഇടമാക്കി മാറ്റണം. നിക്ഷേപ സൗഹൃദ രാജ്യമാക്കി ഇന്ത്യയെ മാറ്റാന്‍ നിരവധി നടപടികളാണ് സ്വീകരിച്ചത്. വ്യാവസായിക മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കും. സംസ്ഥാനങ്ങളില്‍ വ്യാവസായിക ക്ലസ്റ്ററുകളുടെ പരിഷ്‌കരണത്തിനായി നേരിടുന്ന വെല്ലുവിളികള്‍ പരിഹരിച്ച് പൊതുവായ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും. വ്യാവസായി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ലാന്റ് ബാങ്ക് തയ്യാറാക്കും. ഇത് വ്യാവസായിക വിവര സംവിധാനം വഴി ജിഐഎസ് മാപ്പിങിന്റെ സംവിധാനത്തോടെ എല്ലാവര്‍ക്കും ലഭ്യമാക്കും.
സ്വയം പര്യാപ്ത ഇന്ത്യക്കായി എട്ട് മേഖലകളിലാണ് ഊന്നല്‍ നല്‍കുന്നത്. സ്വയം പര്യാപ്ത ഇന്ത്യക്കായി എട്ട് മേഖലകളിലാണ് ഊന്നല്‍ നല്‍കുന്നത്. കൂടുതല്‍ നിക്ഷേപം, കൂടുതല്‍ ഉല്‍പ്പാദനം, കൂടുതല്‍ തൊഴില്‍ എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. കല്‍ക്കരി, ധാതു, വ്യോമയാനം, പ്രതിരോധ ഉല്‍പ്പാദനം, വൈദ്യുതി വിതരണം തുടങ്ങിയ മേഖലകളിലാണ് ഇന്നത്തെ പ്രഖ്യാപനം ഊന്നല്‍ നല്‍കുന്നത്.
കല്‍ക്കരി രംഗത്ത് വാണിജ്യവത്കരണത്തിനാണ് നീക്കം. മേഖലയില്‍ സര്‍ക്കാരിനുള്ള കുത്തക അവകാശം നീക്കും. സ്വകാര്യ മേഖലയുടെ പങ്കാളിത്തം കൊണ്ടുവരും. മത്സരം വര്‍ധിപ്പിക്കാനും സുതാര്യത ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും. ടണ്ണിനെ അടിസ്ഥാനമാക്കിയുള്ള വരുമാനം മാറ്റും. വരുമാനം സ്വകാര്യ മേഖലയുമായി പങ്കുവക്കും. ലോകത്ത് കല്‍ക്കരി സമ്പത്തുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. എന്നിട്ടും ഇപ്പോഴും കല്‍ക്കരി ഇറക്കുമതി ചെയ്യുന്നുണ്ട്. കല്‍ക്കരി മേഖലയില്‍ നിയന്ത്രണങ്ങള്‍ വരുത്തിയിട്ടുണ്ട്. പരിസ്ഥിതിയെ കൂടി പരിഗണിച്ചേ തീരുമാനം ഉണ്ടാകൂ. 50000 കോടി രൂപ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി ചിലവഴിക്കുമെന്നും മന്ത്രി പറഞ്ഞു.
ധാതു ഖനനത്തില്‍ വളര്‍ച്ചയും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കാനാണ് ലക്ഷ്യം. നടപടികള്‍ എളുപ്പമാക്കാന്‍ സംയോജിത ലേലത്തിന് നീക്കം. പര്യവേഷണവും ഖനനവും എല്ലാം പലര്‍ ചെയ്യുന്ന രീതി മാറ്റും. 500 ഖനന ബ്ലോക്കുകള്‍ സുതാര്യമായ ലേലത്തിലൂടെ സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കും. അലുമിനിയം വ്യവസായ മേഖലയെ സഹായിക്കാന്‍ ബോക്‌സൈറ്റും കല്‍ക്കരിയും ഖനനം ചെയ്യാന്‍ അനുവാദം നല്‍കും. ഇത് അലുമിനിയം വ്യവസായത്തില്‍ വൈദ്യുതി ഉപഭോഗത്തിന്റെ ചെലവ് കുറയ്ക്കും.
പ്രതിരോധ രംഗത്ത് മേക്ക് ഇന്‍ ഇന്ത്യ
പ്രതിരോധ സാമഗ്രികളുടെ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം. ഇതിനായി ഈ മേഖലയില്‍ മേക്ക് ഇന്‍ ഇന്ത്യ നടപ്പിലാക്കും. ഓരോ വര്‍ഷവും നിശ്ചിത ആയുധങ്ങള്‍ക്കും മറ്റും ഇറക്കുമതി വിലക്കും. ഇറക്കുമതി ചെയ്യുന്ന സ്‌പെയറുകള്‍ തദ്ദേശീയമായി നിര്‍മിക്കും. ആഭ്യന്തര മൂലധന സമാഹരണത്തിനായി പ്രത്യേക ബജറ്റ് പ്രൊവിഷന്‍ ഉണ്ടാകും. ഇതിലൂടെ പ്രതിരോധ മേഖലയ്ക്കുള്ള ഉയര്‍ന്ന ഇറക്കുമതി ചെലവ് കുറയ്ക്കാനാവും. ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് കോര്‍പറേറ്റ് വത്കരണം സാധ്യമാക്കും. ഇത് സ്വകാര്യവത്കരണം അല്ലെന്നും കേന്ദ്രമന്ത്രി പ്രത്യേകം വ്യക്തമാക്കി.