
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ വിശദാശങ്ങള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വിശദീകരിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളെ കുറിച്ച് പഠിച്ചതിന് ശേഷമുള്ള പാക്കേജാണിതെന്നും പാക്കേജ് തയ്യാറാക്കിയത് ഏഴ് മേഖലകളില്‍ നടത്തിയ വിശദമായ പഠനങ്ങള്‍ക്ക് ശേഷമാണെന്നും ധനമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ പ്രധാന ലക്ഷ്യം വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും സ്വയം പര്യാപ്ത ഇന്ത്യയെ കെട്ടിപ്പടുക്കുകയുമാണെന്ന് ധനമന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ ബിസിനസ് ആരംഭിക്കുന്നത് കൂടുതല്‍ എളുപ്പമാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും. ബ്രാന്‍ഡുകള്‍ നിര്‍മ്മിക്കാനും ആഗോള തലത്തില്‍ വിപണം നടത്താനും ഇന്ത്യ ശ്രമിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, മൈക്രോ ഇന്‍ഷുറന്‍സ് പദ്ധതികള്‍, പ്രധാനമന്ത്രി ആവാസ് യോജന, പ്രധാനമന്ത്രി ഉജ്വാല യോജന, സ്വച്ഛ് ഭാരത്, ആയുഷ്മാന്‍ ഭാരത് എന്നിവയെല്ലാം ഇന്ത്യയിലെ പ്രധാന പരിഷ്‌കാരങ്ങളായിരുന്നുവെന്നും ഇത് ദരിദ്ര വിഭാഗത്തിന് വലിയ തോതില്‍ പ്രയോജനം ചെയ്തുവെന്നും ധനമന്ത്രി പറഞ്ഞു. അധികാരത്തില്‍ വന്നതിനു ശേഷം വിവിധ മേഖലകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും വിവിധ മേഖലകള്‍ക്കായാണ് നിലവില്‍ ഉത്തേജക പാക്കേജ് വകയിരുത്തിയിരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.
ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് വായ്പ പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചു. 3 ലക്ഷം കോടി രൂപ വരെയുള്ള കൊളാറ്ററല്‍ ഫ്രീ ഓട്ടോമാറ്റിക് വായ്പകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എംഎസ്എംഇകള്‍ക്ക് 4 വര്‍ഷത്തെ സമയപരിധിയോടെ 12 മൊറട്ടോറിയവും നല്‍കും. 45 ലക്ഷം എംഎസ്എംഇകള്‍ ഈ പദ്ധതിയുടെ പ്രയോജനം ചെയ്യുമെന്ന് നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. ഈ പദ്ധതി പ്രകാരം 20,000 കോടി രൂപ സബോര്‍ഡിനേറ്റ് കടമായി സര്‍ക്കാര്‍ അനുവദിക്കും.
സര്‍ക്കാരിന്റെ ഈ പദ്ധതിയില്‍ നിന്ന് ഏകദേശം 2 ലക്ഷം എം.എസ്.എം.ഇകള്‍ പ്രയോജനം നേടാന്‍ സാധ്യതയുണ്ടെന്നും സാമ്പത്തിക പ്രതിസന്ധി മൂലം സമ്മര്‍ദ്ദം നേരിടുന്ന എംഎസ്എംഇകള്‍ക്കും ഈ വായ്പയ്ക്ക് അര്‍ഹതയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. എംഎസ്എംഇ മേഖലയിലെ മൂന്നാമത്തെ പദ്ധതിയില്‍ ധനമന്ത്രി എംഎസ്എംഇകള്‍ക്കായി ഒരു ഫണ്ട് രൂപീകരിക്കുമെന്നും പറഞ്ഞു. 10,000 കോടി രൂപയുടെ ഫണ്ട് ഫണ്ടായിരിക്കും ഇത്. എംഎസ്എംഇയുടെ വലുപ്പം വര്‍ദ്ധിപ്പിക്കാന്‍ ഈ പദ്ധതി സഹായിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
എംഎസ്എംഇകളുടെ നിര്‍വചനങ്ങള്‍ വരെ അടിമുടി മാറ്റിയാണ് പരിഷ്‌കരണം. താഴെ പറയുന്ന രീതിയിലാണ് പുതിയ നിര്‍വ്വചനം
മൈക്രോ - നിക്ഷേപം ഒരു കോടിയില്‍ താഴെ, വിറ്റുവരവ് 5 കോടിയില്‍ താഴെ
ചെറുകിട - 10 കോടിയില്‍ താഴെ നിക്ഷേപം 50 കോടിയില്‍ താഴെയുള്ള വിറ്റുവരവ്
ഇടത്തരം - നിക്ഷേപം 20 കോടിയില്‍ താഴെയും വിറ്റുവരവ് 100 കോടിയില്‍ താഴെയും
200 കോടി രൂപ വരെയുള്ള സര്‍ക്കാര്‍ സംഭരണത്തില്‍ ആഗോള ടെന്‍ഡറുകള്‍ അനുവദിക്കില്ല. ഇത് ഇന്ത്യയെ സ്വയം ആശ്രയിക്കുകയും മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭത്തിന് കരുത്തേകുകയും ചെയ്യും. ഇന്ത്യന്‍ എംഎസ്എംഇകള്‍ വിദേശ സ്ഥാപനങ്ങളില്‍ നിന്ന് നേരിടുന്ന അന്യായമായ മത്സരം തടയുന്നതിനായി പൊതു ധനകാര്യ ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുമെന്നും ധനമന്ത്രി പറഞ്ഞു.