
ഫെബ്രുവരിയില്‍ കേന്ദ്രബജറ്റ് അവതരിപ്പിക്കാനിരിക്കെ ധനമന്ത്രി സാമ്പത്തികമേഖലയിലെ വിദഗ്ധരുമായുള്ള യോഗങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.ഇന്ന് പൊതുമേഖലാ ബാങ്ക് മേധാവികളുമായി ധനമന്ത്രി ചര്‍ച്ച തുടങ്ങി. നിലവില്‍ സ്വീകരിച്ച സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ വിപണിയില്‍ എന്ത് പ്രതിഫലനമാണ് ഉണ്ടാക്കിയതെന്നാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. പൊതുമേഖലാ ബാങ്കുകളിലെ സിഇഓ മാരുടെ യോഗംആണ് വിളിച്ചുചേര്‍ത്തത്. രാജ്യത്തെ ബാങ്കുകളിലെ കിട്ടാക്കടം വരും വര്‍ഷം പെരുകുമെന്ന് ഇന്ന് ആര്‍ബിഐ പുറത്തുവിട്ടിരുന്നു. ഇക്കാര്യവും യോഗത്തില്‍ ചര്‍ച്ചയായിട്ടുണ്ടെന്നാണ് വിവരം. വിവിധ സാമ്പത്തിക മേഖലകളില്‍ ബാങ്കുകള്‍ വഴി വിതരണം ചെയ്യാവുന്ന പണത്തിന്റെ അളവുകള്‍,ആര്‍ബിഐ നിര്‍ദേശപ്രകാരം എത്രത്തോളം കാര്യക്ഷമമായി വിപണിയിലേക്ക് പണമെത്തിക്കാന്‍ സാധിച്ചു,നഷ്ടത്തിലായ കമ്പനികളില്‍ നിന്നുള്ള നിഷ്‌ക്രിയ ആസ്തി സംബന്ധിച്ച വിവരങ്ങള്‍ എന്നിവയാണ് പ്രധാനമായും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുന്നത്.
വരുംദിവസങ്ങളിലും യോഗം തുടരുമെന്ന് ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സാമ്പത്തിക വളര്‍ച്ച സെപ്റ്റംബര്‍ പാദത്തില്‍ ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.5 ശതമാനമായി കുറഞ്ഞിരുന്നു. സമ്പദ്വ്യവസ്ഥയുടെ എല്ലാ പ്രധാന ഘടകങ്ങളും ചുരുങ്ങുന്നതോടെ ഇത് ഇനിയും കുറയുമെന്ന് തന്നെയാണ് വ്യാപകമായി പ്രതീക്ഷിക്കുന്നത്. 110 ബേസിസ് പോയിന്റ് കുറച്ചുകൊണ്ട് റിസര്‍വ് ബാങ്ക് ഒമ്പത് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.40 ശതമാനമായി.
നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനും സാമ്പത്തിക വളര്‍ച്ച ഉയര്‍ത്തുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ സെപ്റ്റംബറില്‍ കോര്‍പ്പറേറ്റ് നികുതി കുറയ്ക്കുന്നതുള്‍പ്പെടെ നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. എന്നിരുന്നാലും രാജ്യത്തെ ധനകമ്മി വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു.പൊതുമേഖലാ കമ്പനികളുടെ വില്‍പ്പനയും ഫെബ്രുവരിയില്‍ ബജറ്റ് പ്രഖ്യാപിക്കാനിരിക്കെ ഉടന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ബജറ്റില്‍ വകയിരുത്താനുള്ള ഫണ്ടുകള്‍ കണ്ടെത്തുന്നതും ധനമന്ത്രിക്ക് തലവേദനയാകുമെന്നാണ് കരുതുന്നത്.