7 മാസത്തെ ഇടവേളയ്ക്ക് ശേഷം ജിഎസ്ടി കൗണ്‍സില്‍ യോഗം മേയ് 28ന്; സാമ്പത്തിക പിന്തുണയ്ക്കുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണനയില്‍

May 17, 2021 |
|
News

                  7 മാസത്തെ ഇടവേളയ്ക്ക് ശേഷം ജിഎസ്ടി കൗണ്‍സില്‍ യോഗം മേയ് 28ന്;  സാമ്പത്തിക പിന്തുണയ്ക്കുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണനയില്‍

ന്യൂഡല്‍ഹി: ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷം ജിഎസ്ടി കൗണ്‍സില്‍ യോഗം മേയ് 28ന് ചേരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. കൗണ്‍സിലിന്റെ 43-ാമത് യോഗത്തിന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍മല സീതാരാമന്‍ അധ്യക്ഷത വഹിക്കുമെന്ന് അവരുടെ ഔദ്യോഗിക എക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റ് വ്യക്തമാക്കുന്നു.

കോവിഡ് വ്യാപനത്തിന്റെ കൂടി പശ്ചാത്തലത്തില്‍, കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നിരുന്നില്ല. കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ സാമ്പത്തിക പിന്തുണയ്ക്കുള്ള സംസ്ഥാനങ്ങളുടെ ആവശ്യവും ജിഎസ്ടി നിരക്കുമായി ബന്ധപ്പെട്ട ആവശ്യങ്ങളും കൗണ്‍സില്‍ യോഗത്തിന്റെ പരിഗണനക്കെത്തും. ജിഎസ്ടി നടപ്പാക്കിയപ്പോഴുള്ള വരുമാന നഷ്ടത്തിന് സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി കഴിഞ്ഞ വര്‍ഷം കൗണ്‍സില്‍ ഒരു സാമ്പത്തിക രീതി തയ്യാറാക്കിയിരുന്നു. പുതിയ സാമ്പത്തിക വര്‍ഷത്തിലും ഇത് തുടരേണ്ടതുണ്ടോ എന്ന പരിശോധനയും നടന്നേക്കും.   

കോവിഡുമായി ബന്ധപ്പെട്ട മെഡിക്കല്‍ സപ്ലൈകള്‍ക്കും വാക്‌സിനുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഇതിനകം ഇറക്കുമതി തീരുവ ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന വാക്‌സിനുകള്‍ക്കും സമാനമായ ഇളവുകള്‍ സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകാനിടയില്ലെന്നാണ് വിലയിരുത്തല്‍.

18-45 വയസ് പ്രായപരിധിയിലുള്ളവര്‍ക്കായി സംസ്ഥാനങ്ങള്‍ നേരിട്ട് വാക്‌സിനുകള്‍ വാങ്ങുകയാണ്. ജിഎസ്ടി കൂടി ചുമത്തുന്നത് സംസ്ഥാനങ്ങള്‍ക്കു മേല്‍ അധിക ഭാരം ചുമത്തുമെന്ന് ഒഡീസ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് കഴിഞ്ഞ ആഴ്ച നിര്‍മല സീതാരാമന് അയച്ച കത്തില്‍ പറഞ്ഞു. കേന്ദ്രനയം തിരുത്തണമെന്ന് കേരളം ഉള്‍പ്പടെയുള്ള മറ്റ് സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ പ്രായപരിധിയില്‍ ഉള്ളവര്‍ക്കും സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കുമെന്നാണ് കേരളം പ്രഖ്യാപിച്ചിട്ടുണ്ട്.   

വിവിധ വസ്തുക്കളില്‍ കേന്ദ്രസര്‍ക്കാര്‍ ശേഖരിക്കുന്ന സെസിന്റെ വിഹിതം സംസ്ഥാന സര്‍ക്കാരുകള്‍ക്കും നല്‍കണമെന്ന ആവശ്യവും ശക്തമാണ് തേടുന്നു. സംസ്ഥാനങ്ങളുമായി പങ്കിടാതെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സെസ് പ്രയോജനപ്പെടുത്തുന്ന എന്ന ആക്ഷേപം സംസ്ഥാനങ്ങള്‍ക്കിടയില്‍ ശക്തമാണ്. കഴിഞ്ഞ വര്‍ഷം പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുള്‍പ്പടെ കേന്ദ്രം ഇത്തരത്തില്‍ സെസ് വര്‍ധിപ്പിച്ചിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved