ഓല-ഊബര്‍ പരാമര്‍ശത്തില്‍ ധനമന്ത്രിയെ പിന്തുണച്ച് നിതിന്‍ ഗഡ്ക്കരി; വാഹന മേഖലയില്‍ മാന്ദ്യത്തിന് കാരണം യുവാക്കള്‍ കൂടുതലായി ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍ ഉപയോഗിക്കുന്നതാണെന്ന് ഗതാഗത മന്ത്രിയും

September 12, 2019 |
|
News

                  ഓല-ഊബര്‍ പരാമര്‍ശത്തില്‍ ധനമന്ത്രിയെ പിന്തുണച്ച് നിതിന്‍ ഗഡ്ക്കരി; വാഹന മേഖലയില്‍ മാന്ദ്യത്തിന് കാരണം യുവാക്കള്‍ കൂടുതലായി ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍ ഉപയോഗിക്കുന്നതാണെന്ന് ഗതാഗത മന്ത്രിയും

ഡല്‍ഹി : ഓണ്‍ലൈന്‍ ടാക്‌സികളുടെ ഉപയോഗം വര്‍ധിച്ചതാണ് വാഹന മേഖലയിലെ മാന്ദ്യത്തിന് കാരണമായതെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി. ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നടത്തിയ ഓല-ഊബര്‍ പരാമര്‍ശത്തെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കള്‍ കൂടുതലായി ഓണ്‍ലൈന്‍ ടാക്‌സി സേവനം ഉപയോഗിക്കാന്‍ തുടങ്ങിയതാണ് വാഹന മേഖലയില്‍ മാന്ദ്യം സംഭവിച്ചതിന് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് വാഹനങ്ങളുടെ ഉല്‍പാദനം പ്രതീക്ഷിച്ചതിലും അധികമായിരുന്നുവെന്നും ഉല്‍പന്നങ്ങളുടെ ആവശ്യകത, വിതരണം എന്നിവ മുതല്‍ ആഗോള സമ്പദ് വ്യവസ്ഥയില്‍ വരെ പ്രശ്‌നങ്ങള്‍ രൂപപ്പെട്ടിരുന്നുവെന്നും നിതിന്‍ ഗഡ്ക്കരി വ്യക്തമാക്കി. മാത്രമല്ല വാഹന വ്യാവസായം മെച്ചപ്പെടുത്തുന്നതിനായി ധനകാര്യ മന്ത്രാലയവുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാന്‍ ഗതാഗത മന്ത്രാലയം നീക്കം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വാഹന മേഖലയിലെ മാന്ദ്യം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒപ്പമുണ്ടാകും. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കില്‍ സുപ്രധാന സംഭാവന നല്‍കുന്ന വ്യവസായമാണ് ഇത്. ധന, ഗതാഗത മന്ത്രാലയങ്ങള്‍ ഇവര്‍ക്കായി ഒരുപാട് കാര്യങ്ങള്‍ ഗൗരവമായി ചിന്തിക്കുന്നുണ്ട്. ഈ മേഖലയില്‍ പരിഷ്‌കാരങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പുണ്ട്. ഇന്ത്യ വാഹനങ്ങളുടെ നിര്‍മാണശാലകളുടെ കേന്ദ്രമായി മാറുമെന്നാണ് തന്റെ പ്രതീക്ഷയെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

പുതിയ തലമുറയില്‍പ്പെട്ടവര്‍ ഊബര്‍, ഒല തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സികളെ വ്യാപകമായി ആശ്രയിക്കുന്നതാണ് വാഹന മേഖലയിലെ മാന്ദ്യത്തിനു കാരണമെന്നു നിര്‍മല സീതാരാമന്‍ പറഞ്ഞതാണ് വിവാദങ്ങള്‍ വഴിവച്ചത്. തവണ വ്യവവസ്ഥയില്‍ പോലും വാഹനം വാങ്ങാന്‍ യുവാക്കള്‍ തയാറാകുന്നില്ല. പകരം ഓണ്‍ലൈന്‍ ടാക്‌സികളെ ആശ്രയിക്കാന്‍ തുടങ്ങിയതാണ് വാഹന വിപണിയിലെ മാന്ദ്യത്തിലാഴ്ത്തിയത്. മാന്ദ്യം ഇല്ലാതാക്കാന്‍ കേന്ദ്രം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും നിര്‍മല പറഞ്ഞു. ഓട്ടമൊബീല്‍ മേഖലയില്‍ ലക്ഷക്കണക്കിനാളുകള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ര

ണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ മാന്ദ്യമാണ് മേഖല നേരിടുന്നതെന്നാണ് ചൊവ്വാഴ്ച നിര്‍മല സീതാരാമന്‍ പറഞ്ഞത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ നിര്‍മലയ്‌ക്കെതിരെ രംഗത്തുവന്നു. ബിജെപി ഭരണത്തിലെ കഴിവുകേടും അപക്വതയും പരിചയമില്ലായ്മയുമാണ് ധനമന്ത്രിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നതെന്നും ഇതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിലും നിര്‍മലയ്‌ക്കെതിരെ പ്രതിഷേധം പുകഞ്ഞു. യുവാക്കളെ ബഹിഷ്‌കരിക്കൂ (#BoycottMillennials) എന്ന ഹാഷ് ടാഗിലാണ് നിര്‍മലക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധം കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടത്.

Related Articles

© 2025 Financial Views. All Rights Reserved