
ന്യൂഡല്‍ഹി: നീതി ആയോഗ് രാജ്യത്തെ മൂന്ന് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കാന്‍ ശുപാര്‍ശ നല്‍കി. പഞ്ചാബ് സിന്ത് ബാങ്ക്, യുകോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയുടെ സ്വകാര്യവത്കരണത്തിനാണ് നിര്‍ദ്ദേശം. എല്ലാ റീജണല്‍ റൂറല്‍ ബാങ്കുകളും തമ്മില്‍ ലയിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
നിലവിലെ ബാങ്കിങ് വിപണിയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം 54 ശതമാനത്തില്‍ നിന്ന് 100 ശതമാനത്തിലേക്ക് ഉയര്‍ത്താനാണ് ലക്ഷ്യം. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ലക്ഷ്യം നേടാനാണ് ശ്രമം. ഇന്ത്യ പോസ്റ്റിനെ റീജണല്‍ റൂറല്‍ ബാങ്കുമായി ലയിപ്പിച്ച് കുത്തനെ ഉയരുന്ന നഷ്ടം നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി നേരത്തെ വാര്‍ത്ത പുറത്തുവന്നിരുന്നു.
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം അഞ്ചാക്കി ചുരുക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യുകോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് ആന്റ് സിന്ത് ബാങ്ക് എന്നിവയുടെ ഭൂരിഭാഗം ഓഹരികളും വിറ്റഴിക്കുമെന്ന് ഈയിടെ റോയിറ്റേര്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.