
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിലെ സ്വകാര്യവത്കരണ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ ബാങ്കിലും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലുമുള്ള സര്‍ക്കാര്‍ ഓഹരി വില്‍ക്കാന്‍ നീതി ആയോഗിന്റെ നിര്‍ദ്ദേശം. 2021-22 കാലത്ത് രണ്ട് പൊതുമേഖലാ ബാങ്കുകളും ഒരു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയും സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു.
ആത്മനിര്‍ഭര്‍ ഭാരതിന് വേണ്ടിയുള്ള പുതിയ പൊതുമേഖലാ സ്ഥാപന നയത്തിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യവത്കരിക്കേണ്ടതും ലയിപ്പിക്കേണ്ടതുമായ പൊതുമേഖലാ സ്ഥാപനങ്ങളെ നിര്‍ദ്ദേശിക്കാനുള്ള ചുമതല നീതി ആയോഗിനായിരുന്നു. ബാങ്കുകള്‍ സ്വകാര്യവത്കരിക്കാന്‍ നിര്‍ദ്ദേശിച്ച കാര്യം ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്‍വസ്റ്റ്‌മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് വകുപ്പും സാമ്പത്തിക സേവന വകുപ്പും നീതി ആയോഗിന്റെ നിര്‍ദ്ദേശം പരിശോധിക്കും. തുടര്‍ന്ന് ഇതിന് ആവശ്യമായ നിയമഭേദഗതികള്‍ ആലോചിക്കും. കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി അംഗീകരിച്ചാല്‍ ഈ ശുപാര്‍ശ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര കാബിനറ്റിന്റെ മുന്നിലെത്തു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഓഹരികള്‍ വിറ്റഴിച്ച് 1.75 ലക്ഷം കോടി നേടണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.