
ന്യൂഡല്‍ഹി: രാജ്യം ഇലക്ട്രിക് വാഹന യുഗത്തിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി ബാറ്ററി സ്വാപ്പിങ് നയത്തിന്റെ കരടുരേഖ പുറത്തുവിട്ട് നീതി ആയോഗ്. വൈദ്യുത വാഹന ഉടമകള്‍ക്ക് ചാര്‍ജ് കുറഞ്ഞ ബാറ്ററി നിശ്ചിത സ്വാപ്പിങ് കേന്ദ്രങ്ങളില്‍ നിന്ന് മാറ്റി ചാര്‍ജ്ജുള്ളവ എടുത്തുവെയ്ക്കാന്‍ അനുവദിക്കുന്നതാണ് പുതിയ നയം.
ബാറ്ററി സ്വാപ്പിങ് നയം അനുസരിച്ച് ആദ്യഘട്ടത്തില്‍ 40 ലക്ഷത്തിലധികം ജനസംഖ്യയുള്ള മെട്രോപൊളിറ്റന്‍ നഗരങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും. ഈ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ബാറ്ററി സ്വാപ്പിങ് നെറ്റ് വര്‍ക്ക് രൂപീകരിക്കുന്നതിനാണ് പ്രഥമ പരിഗണന. തുടര്‍ന്ന് രണ്ടാം ഘട്ടത്തില്‍ അഞ്ചുലക്ഷത്തിലധികം ജനസംഖ്യയുള്ള പ്രമുഖ നഗരങ്ങള്‍, സംസ്ഥാന തലസ്ഥാനങ്ങള്‍, കേന്ദ്രഭരണപ്രദേശങ്ങളുടെ സിരാകേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്ക് പരിഗണന നല്‍കും. ഇരുചക്രവാഹനങ്ങള്‍ക്കും മുചക്ര വാഹനങ്ങള്‍ക്കുമാണ് മുന്‍ഗണന നല്‍കുക.
ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിക്ക് ലക്ഷങ്ങളാണ് വില. ഇത് വാഹനം വാങ്ങുന്നതിന് ചെലവ് വര്‍ധിപ്പിക്കുന്നുണ്ട്. അതിനാല്‍ ബാറ്ററി ഘടിപ്പിക്കാവുന്ന സംവിധാനത്തോട് കൂടിയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയെ പ്രോത്സാഹിപ്പിക്കാനും നയം നിര്‍ദേശിക്കുന്നു. ബാറ്ററി സ്വാപ്പിങ് കേന്ദ്രങ്ങളില്‍ നിന്ന് നിശ്ചിത നിരക്കില്‍ ബാറ്ററി വാങ്ങാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തുക.
മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്ന വ്യക്തിക്കും സ്ഥാപനത്തിനും ബാറ്ററി സ്വാപ്പിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കും. സാങ്കേതിക, സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം എന്നതാണ് വ്യവസ്ഥ. കഴിഞ്ഞ ബജറ്റിലാണ് ബാറ്ററി സ്വാപ്പിങ് നയത്തെ കുറിച്ച് പരാമര്‍ശിച്ചത്. പുതിയ ബാറ്ററി സ്വാപ്പിങ് നയത്തിന് രൂപം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.