നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിന്റെ ലാഭത്തില്‍ വന്‍ മുന്നേറ്റം; 39 ശതമാനം വളര്‍ച്ച

February 07, 2022 |
|
News

                  നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിന്റെ ലാഭത്തില്‍ വന്‍ മുന്നേറ്റം; 39 ശതമാനം വളര്‍ച്ച

നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിന്റെ ലാഭത്തില്‍ വന്‍ മുന്നേറ്റം. 2021 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ നികുതി അടക്കമുള്ള ലാഭത്തില്‍ കഴിഞ്ഞ വര്‍ഷം നേടിയതിനേക്കാള്‍ 39 ശതമാനം വളര്‍ച്ച നേടി. 2020-2021 വര്‍ഷം ഇതേ കാലയളവില്‍ നേടിയ 15.6 കോടി രൂപയെ അപേക്ഷിച്ച് ഈ കാലയളവിലെ മൊത്ത ലാഭം 21.7 കോടി രൂപയാണ്. ഒസാക്ക ആസ്ഥാനമായ നിറ്റാ ജലാറ്റിന്‍, കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) എന്നിവയുടെ സംയുക്ത സംരംഭമാണ് നിറ്റാ ജലാറ്റിന്‍ ഇന്ത്യ.

കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി പ്രവര്‍ത്തനച്ചെലവ് കുറച്ചുകൊണ്ടും അതേസമയം ബിസിനസ് മികവ് വര്‍ധിപ്പിച്ചു കൊണ്ടും കമ്പനി നടപ്പാക്കിയ സുസ്ഥിരമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് മാനേജിംഗ് ഡയറക്ടര്‍ സജീവ് കെ മേനോന്‍ പറഞ്ഞു. ഇതോടൊപ്പം മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വില്‍പന വര്‍ധിപ്പിച്ചുകൊണ്ട് നേടിയ അധിക ലാഭവും ഇതിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെയുള്ള കമ്പനിയുടെ മികവുറ്റ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ 2021-22 വര്‍ഷം പ്രവര്‍ത്തന വരുമാനത്തിന്റെയും ലാഭത്തിന്റെയും കാര്യത്തില്‍ മുന്‍ വര്‍ഷങ്ങളിലെ റെക്കോര്‍ഡുകള്‍ എല്ലാം ഭേദിച്ചുകൊണ്ട് ബംബര്‍ വര്‍ഷമാകുമെന്ന് പ്രതീക്ഷിക്കുന്നതായും സജീവ് മേനോന്‍ പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ ജപ്പാന്‍ സന്ദര്‍ശന വേളയില്‍ കേരളത്തില്‍ 200 കോടി രൂപയുടെ നിക്ഷേപ സാധ്യതകള്‍ പരിശോധിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയുടെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്നും സജീവ് മേനോന്‍ പറഞ്ഞു. പദ്ധതി കമ്മീഷന്‍ ചെയ്താല്‍, കമ്പനിയുടെ പ്രവര്‍ത്തന മികവും ലാഭവും ഗണ്യമായി വര്‍ദ്ധിക്കുമെന്നും വരും വര്‍ഷങ്ങളില്‍ ലാഭകരമായ വളര്‍ച്ചയ്ക്കായി നിരവധി പദ്ധതികള്‍ തയാറാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പരിസ്ഥിതി മലിനീകരണം ആരോപിച്ച് ആരംഭിച്ച പ്രക്ഷോഭത്തെ തുടര്‍ന്ന് മുന്‍ വര്‍ഷങ്ങളില്‍ നിരവധി തടസ്സങ്ങള്‍ നേരിട്ട കമ്പനിയുടെ തൃശൂര്‍ കൊരട്ടിയിലുള്ള ഫാക്ടറിയുടെ തടസ്സരഹിതമായ പ്രവര്‍ത്തനം ഉറപ്പാക്കാനും സാധിച്ചു. നിരവധി പ്രതിസന്ധികള്‍ നേരിട്ട നിറ്റാ ജലാറ്റിന്‍ ഇന്ത്യ ഇപ്പോള്‍ പ്രവര്‍ത്തന മികവിനാല്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രകൃതി സൗഹൃദ ഫാക്ടറിയായി മാറി. ജാപ്പനീസ് പ്രൊമോട്ടറുടെ സഹായത്തോടെ നിരവധി സാങ്കേതിക നവീകരണ നടപടികള്‍ സ്വീകരിക്കുകയും ഇതിനോടകം പൂന്തോട്ടങ്ങള്‍, ചിത്രശലഭ പാര്‍ക്ക്, മുളങ്കാടുകള്‍, കുളം എന്നിവ ഉള്‍പ്പെടുത്തി ഒരു 'ഗാര്‍ഡന്‍ ഫാക്ടറി' ആയി മാറ്റാനുള്ള പദ്ധതികളും ആരംഭിച്ചിട്ടുണ്ട്.

ഔഷധ വ്യവസായത്തില്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന ജെലാറ്റിന്‍, കൊളാജന്‍ പെപ്‌റ്റൈഡ് ബിസിനസിലെ ആഗോള ഭീമന്‍മാരില്‍ ഒന്നാണ് നിറ്റാ ജെലാറ്റിന്‍ ഗ്രൂപ്പ്. 1975 മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് കേരളത്തിലെ മൂന്ന് ഫാക്ടറികള്‍ക്ക് പുറമെ ഗുജറാത്തിലും മഹാരാഷ്ട്രയിലും ഫാക്ടറികളുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved