
തിരുവനന്തപുരം: ഇഎസ്‌ഐ ആനുകൂല്യത്തിനുളള ശമ്പള പരിധി 50,000 രൂപയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ എംപി തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്വാറിന് നിവേദനം നല്‍കി. ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന ഇപിഎഫ് പെന്‍ഷന്‍ നല്‍കാനുളള കോടതി ഉത്തരവ് നടപ്പാക്കണമെന്നും അദ്ദേഹം നിവേദനത്തില്‍ ആവശ്യപ്പെട്ടു.
നിലവില്‍ ഇഎസ്‌ഐ ആനുകൂല്യത്തിനുളള ശമ്പള പരിധി 21,000 രൂപയാണ്. ഇത് 50,000 രൂപയാക്കി ഉയര്‍ത്തണമെന്നാണ് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെടുന്നത്. ഇപ്പോഴുളള ശമ്പള പരിധി നിശ്ചയിച്ചത് 2017 ജനുവരിയിലാണ്. പിന്നീട് ശമ്പള വര്‍ധന ഉണ്ടായെങ്കിലും രാജ്യത്തെ തൊഴിലാളികളുടെ ജീവിത നിലവാരത്തില്‍ മാറ്റമുണ്ടായില്ല. ഇതോടെ ആയിരക്കണക്കിന് തൊഴിലാളികള്‍ ഇഎസ്‌ഐ സുരക്ഷാ പദ്ധതിക്ക് പുറത്ത് പോകുന്ന സാഹചര്യം ഉണ്ടായതായും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ ചികിത്സാ ആവശ്യങ്ങള്‍ക്കുളള ചെലവ് വലിയ തോതില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ ഇഎസ്‌ഐ പരിധിക്ക് പുറത്ത് നില്‍ക്കുന്നത് ?ഗുരുതരമായ സാമൂഹ്യ പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും എംപി നിവേദനത്തില്‍ അഭിപ്രായപ്പെട്ടു.