
ദുബായ്: യുഎഇയിലെ ഏറ്റവും വലിയ ആരോഗ്യപരിപാലന കമ്പനിയായ എന്‍എംസി ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജീവനക്കാരുടെ ശമ്പളമടക്കം മുടങ്ങിക്കിടക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.നിലവില്‍ ജീവനക്കാരുടെ ഫിബ്രുവരി മാസത്തിലെ ശമ്പളം പോലും മുടങ്ങികിടക്കുകയാണ്. ഫിബ്രുവരി മാസത്തിലെ ജീവനക്കാരുടെ ശമ്പളം മാര്‍ച്ച് 16 നകം കൊടുത്തുതീര്‍ക്കാന്‍ സാധിചിചേക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ജീവനക്കാരുടെ ശമ്പളം കമ്പനി എല്ലാ മാസവും 25ാം തീയതിയാണ് കൊടുത്തുതീര്‍ക്കാറുള്ളത്. അതേസമയം എന്‍എംസിക്കെതിരെ ലണ്ടന്‍ ഓഹരി വിപണി നിയന്ത്രിദാതാവായ ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റി (എഫ്സിഎ) ഊര്‍ജിത അന്വേഷണം നടത്തിയേക്കും. കമ്പനിയുടെ ബിസിനസുകളില്‍ അന്വേഷണം ആരഭിച്ചതായി ചൂണ്ടിക്കാണിച്ച് എഫ്സിഎ എന്‍എംസിക്ക് നോട്ടീസ് അയച്ചുവെന്നാണ് വിവിധ വാര്‍ത്താ ഏജന്‍സികള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചീഫ് എക്സിക്യുട്ടീവ് ഓഫീസറായ പ്രശാന്ത് മംഗാട്ടിനെ കഴിഞ്ഞദിവസം പുറത്താക്കിയതുമായി ബന്ധപ്പെട്ട് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചെയ്ഞ്ചില്‍ ഓഹരി വ്യാപാരം താത്ക്കാലികമായി റദ്ദ് ചെയ്യേണ്ടി വന്നിരുന്നു. അങ്ങനെ എന്‍എംസിയില്‍ മഡ്ഡി വാട്ടേഴ്സ് അഴിച്ചുവിട്ട, ആരോപണങ്ങള്‍ക്ക് പിന്നാലെ വിവാദങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യവും, കമ്പനിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന കാര്യങ്ങളുമൊക്കെയാണ് ഇപ്പോള്‍ നടക്കുന്നത്.
അതേസമയം അന്വേഷണത്തില്‍ സഹകരിച്ചില്ലെങ്കില്‍ ശക്തമായ നടപടികള്‍ എന്‍എംസിക്ക് നേരെ എഫ്സിഎ എടുത്തേക്കും. എന്നാല്‍ അന്വേഷണത്തില്‍ പൂര്‍ണമായും സഹകരിക്കുമെന്നും, മറ്റ് സ്ഥാപനങ്ങളുമായും സഹകരണം ഉണ്ടാകുമെന്നും കമ്പനി പ്രസ്താവനയിലൂടെ വ്യക്തമാക്കി. എന്നാല്‍ സിഇഒ പ്രശാന്ത് മംഗാട്ടിനെ പുറത്താക്കിയതിന് പിന്നാലെ കമ്പനി നിയുക്ത സിഇഒആയി മൈക്കള്‍ ഡേവിസിനെ നിയമിക്കുകയും ചെയ്തു.
എന്നാല്‍ സിഎഫ്ഒ (ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍) ആയ പ്രശാന്ത് ഷേണായിയുടെ അവധി എന്‍എസി ഹെല്‍ത്ത് കെയര്‍ നീട്ടിനല്‍കയതായും റിപ്പോര്‍ട്ടുകളുണ്ട്. സാമ്പത്തിക ക്രമക്കേടുകള്‍ വന്‍തോതില്‍ നടക്കുകയും, കമ്പനിക്കകത്ത് പുതിയ ആആരോപണങ്ങളും, തര്‍ക്കങ്ങളും ഉണ്ടായതായി ആഭ്യന്തര അന്വഷണത്തില്‍ നിന്ന് വ്യക്തമായിരുന്നു.
യു.എ.ഇയിലും യൂറോപ്പിലുമായി 200 ലേറെ ആശുപത്രികളുള്ള എന്‍എംസി ഹെല്‍ത്തിന്റെ ഡയറക്ടറായിരുന്ന ബി ആര്‍ ഷെട്ടിയും രാജിവെച്ചിരുന്നു. നിലവില്‍ എന്‍എംസി ഹെല്‍ത്തിന്റെ ഡയറക്റ്റര്‍, ജോയിന്റ് നോണ്‍ എക്സിക്യൂട്ടിവ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍ നിന്നാണ് ബി ആര്‍ ഷെട്ടി ഇറങ്ങിപ്പോയത്. ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ചെന്നതുള്‍പ്പെടെ യുഎസ് വിപണി നിക്ഷേപകരായ മഡ്ഡി വാട്ടേഴ്സ് അഴിച്ചുവിട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് രാജി. എന്‍എംസിയെ വളര്‍ത്തിയ പ്രമുഖ ഇന്ത്യന്‍ സംരംഭകനാണ് ഇതോടെ പുറത്തുപോയത്.
ഷെട്ടി പുറത്തായെങ്കിലും ഭാര്യയും മരുമകനും എന്‍എംസിയുടെ തലപ്പത്തുണ്ട്. കമ്പനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന 2019 ഡിസംബര്‍ മുതല്‍ ഓഹരികളുടെ മൂല്യം മൂന്നില്‍ രണ്ട് ഭാഗം ഇടിഞ്ഞിരുന്നു. മഡ്ഡി വാട്ടേഴ്സിന്റെ ആരോപണങ്ങള്‍ മൂലം 70 ശതമാനം താഴേക്കു പോയ കമ്പനിയുടെ ഓഹരി മൂല്യം 77 കാരനായ ഭവഗുതു രഘുറാം ഷെട്ടിയുടെ രാജിക്ക് പിന്നാലെ വീണ്ടും 9 ശതമാനത്തിലേറെ ഇടിഞ്ഞു. എന്‍എംസി ഹെല്‍ത്തിന്റെ വൈസ് ചെയര്‍മാനായ ഖലീഫ അല്‍ മുഹെയ്രി വെള്ളിയാഴ്ച രാജി വെച്ചിരുന്നു.
ഒപ്പം ഹാനി ബുത്തിക്കി, അബ്ദുറഹ്മാന്‍ ബസ്സാദിക്ക് എന്നിവരും ഡയറക്റ്റര്‍ സ്ഥാനമൊഴിഞ്ഞു. ഷെട്ടിയെയും മുഹെയ്രിയെയും ബോര്‍ഡ് യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കമ്പനി നേരത്തെ വിലക്കിയിരുന്നു. നിലവില്‍ ബോര്‍ഡ് അധ്യക്ഷനായ യുകെ വ്യവസായി എച്ച്‌ജെ മാര്‍ക്ക് ടോംപ്കിന്‍സ് കമ്പനിയുടെ ഒരേയൊരു നോണ്‍ എക്സിക്യൂട്ടിവ് ചെയര്‍മാനായി തുടരും. ഷെട്ടിക്കും മുഹെയ്രിക്കും കമ്പനിയിലുളള ഓഹരികളുടെ ശരിയായ മൂല്യം നിര്‍ണയിച്ചുവരികയാണ്. ഇതിനായി നിയമ-ധനകാര്യ ഉപദേശകരെ നിയോഗിച്ചിട്ടുണ്ട്.