
ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി ഇടപാട് നിയന്ത്രിക്കാനുള്ള ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കൊണ്ടുവരാന്‍ കേന്ദ്രം തീരുമാനിച്ചു. സമ്പൂര്‍ണ വിലക്കല്ല, ഇടപാടുകള്‍ക്ക് ഉപാധികള്‍ മുന്നോട്ടു വെക്കാനാണ് ഒരുങ്ങുന്നത്. ഉള്ളടക്കത്തിന് അന്തിമ രൂപമാകാത്തതിനാല്‍ ബില്‍ ബുധനാഴ്ച നടന്ന കേന്ദ്രമന്ത്രിസഭ യോഗം പരിഗണിച്ചില്ല.
ക്രിപ്‌റ്റൊകറന്‍സി കള്ളപ്പണത്തിനും സമാന്തര സമ്പദ്ഘടനക്കും വഴിയൊരുക്കുമെന്ന ആശങ്കകള്‍ ബാക്കി നില്‍ക്കെയാണ് ഈ ഇടപാടിന് പൊതുവായ ചട്ടക്കൂട് തയാറാക്കി അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയെത്തന്നെ ബാധിക്കാമെന്നതിനാല്‍ ക്രിപ്‌റ്റൊ ഇടപാട് നിരോധിക്കണമെന്ന മുന്നറിയിപ്പുകളുണ്ട്. കള്ളപ്പണം, കള്ളനോട്ട്, ഭീകരത എന്നിവ തടയാന്‍ നല്ലൊരു പങ്ക് ഇന്ത്യന്‍ കറന്‍സി നോട്ട് നിരോധിച്ച സര്‍ക്കാര്‍ തന്നെയാണ് ക്രിപ്‌റ്റൊക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. ഈ ഇടപാടിലെ നികുതി വരുമാനത്തിലാണ് കണ്ണ്.
'ക്രിപ്‌റ്റൊകറന്‍സി, ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി നിയന്ത്രണ ബില്‍' തിങ്കളാഴ്ച തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനം പരിഗണിക്കുന്ന 26 ബില്ലുകളുടെ കൂട്ടത്തില്‍ ലോക്‌സഭ സെക്രട്ടേറിയറ്റ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രിപ്‌റ്റൊകറന്‍സിയുടെ വഴിവിട്ട ഉപയോഗ സാധ്യതയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ ആഗോള സമൂഹത്തിന് മുന്നറിയിപ്പു നല്‍കിയിരുന്നു. ഇടപാട് നിയമവിധേയമാക്കുന്നതിന് വിശദ ചര്‍ച്ച ആവശ്യമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസും പറഞ്ഞിരുന്നു.
ചെറുകിട നിക്ഷേപകര്‍ക്ക് സംരക്ഷണം നല്‍കുന്ന വ്യവസ്ഥകളോടെ, സാമ്പത്തിക ആസ്തിയായി കണക്കാക്കി ക്രിപ്‌റ്റൊകറന്‍സി വ്യാപാരം അനുവദിക്കുന്ന കാര്യമാണ് സര്‍ക്കാറിന്റെ പരിഗണനയില്‍. ഡിജിറ്റല്‍ കറന്‍സിയില്‍ നിക്ഷേപിക്കാവുന്ന ചുരുങ്ങിയ തുക എത്രയെന്ന് വ്യവസ്ഥ ചെയ്യും. രൂപ പോലെ നിയമപരമായ കൈമാറ്റം അനുവദിക്കില്ല. നിയന്ത്രണങ്ങള്‍ കൊണ്ടുവരുമ്പോള്‍, ഇപ്പോള്‍ അതു കൈവശം വെച്ചിരിക്കുന്നവര്‍ക്ക് കൈയൊഴിയാന്‍ സാവകാശം നല്‍കും.
ചിലത് ഒഴിവാക്കി ക്രിപ്‌റ്റൊകറന്‍സി വ്യാപാരം ഇന്ത്യ നിരോധിക്കാന്‍ പോകുന്നുവെന്ന് കഴിഞ്ഞ ദിവസം ഊഹം പ്രചരിച്ചിരുന്നു. റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സിക്ക് നിയന്ത്രണ ചട്ടങ്ങള്‍ കൊണ്ടുവരുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഡിജിറ്റല്‍ കറന്‍സിയില്‍ വലിയ വിലത്തകര്‍ച്ചയാണ് ബുധനാഴ്ച ഉണ്ടായത്. വിലക്കുകയല്ല, നിയന്ത്രിക്കുകയാണ് ചെയ്യാന്‍ പോകുന്നതെന്ന വിശദീകരണങ്ങള്‍ വന്നതോടെ സ്ഥിതി മെച്ചപ്പെട്ടു.
2018ല്‍ റിസര്‍വ് ബാങ്ക് ക്രിപ്‌റ്റൊ നിരോധിച്ചിരുന്നു. സ്വകാര്യ ക്രിപ്‌റ്റൊകറന്‍സികള്‍ ആപത്താണെന്ന് ചൂണ്ടിക്കാട്ടിയാണിത്. 2020ല്‍ സുപ്രീംകോടതി വിലക്ക് നീക്കി. വഴിവിട്ട പോക്ക് നിയന്ത്രിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഇപ്പോള്‍ ഈ മേഖലയിലുള്ളവരുമായി ചര്‍ച്ചയിലാണ്. ക്രിപ്‌റ്റൊ അസറ്റ്‌സ് കൗണ്‍സിലിന്റെ കണക്കു പ്രകാരം ഇന്ത്യയില്‍ ആറു ലക്ഷം കോടി രൂപയുടെ ക്രിപ്‌റ്റൊയുണ്ട്. ഭീമമായ വരുമാനം വാഗ്ദാനം ചെയ്യുന്ന സ്വകാര്യ ഡിജിറ്റല്‍ കറന്‍സികള്‍ അതിവേഗം പ്രചാരം നേടുകയുമാണ്.