
ന്യൂഡല്‍ഹി: മോറട്ടോറിയം കാലാവധി നീട്ടണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. മോറട്ടോറിയം കാലത്തെ പലിശ എഴുതി തള്ളാനാകില്ലെന്ന് നിലപാടെടുത്ത കോടതി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ ഇടപെടാനാകില്ലെന്നും വ്യക്തമാക്കി. ലോക്ഡൗണ്‍ കാലത്ത് ബാങ്ക് വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കെ പലിശയും പിഴപ്പലിശയും ഈടാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി.
സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ നിന്ന് കോടതി വിട്ടുനില്‍ക്കുന്നതാണ് ഉചിതം. സാമ്പത്തിക പാക്കേജും പദ്ധതികളും വിശദമായ പഠനത്തോടെ സര്‍ക്കാരാണ് തിരുമാനം കൈക്കൊള്ളേണ്ടത്. ഏതെങ്കിലും മേഖലയില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട് എന്നത് കൊണ്ട് ഇടപെടേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞു. വിവിധ മേഖലയിലേക്ക് ആനുകൂല്യങ്ങള്‍ നീട്ടണമെന്ന ആവശ്യവും സുപ്രീം കോടതി തള്ളി.
ബാങ്കുകളുടെ മുഴുവന്‍ പലിശയും ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാനില്ലെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാരും ആര്‍ബിഐയും ചേര്‍ന്നാണ് നിലപാട് കൈക്കൊള്ളേണ്ടത്.അതേസമയം മോറട്ടോറിയം കാലത്തെ പലിശയ്ക്ക് പിഴപ്പലിശ ഈടാക്കിയത് ന്യായീകരിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.ഇത്തരത്തില്‍ ഈടാക്കിയ പണം ബാങ്കുകള്‍ തിരിച്ചുനല്‍കണമെന്നും കോടതി പറഞ്ഞു.