
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് പിന്നാലെയാണ് രാജ്യത്ത് ആദ്യമായി രണ്ടായിരം രൂപയുടെ കറന്‍സികള്‍ പ്രചാരത്തില്‍ വന്നത്. എന്നാല്‍ അന്ന് മുതലേ പറഞ്ഞുകേള്‍ക്കുന്ന ഒന്നാണ് ഈ രണ്ടായിരം രൂപ നോട്ടും അധികം വൈകാതെ നിരോധിക്കുമെന്ന്. അതിനാല്‍ തന്നെ രണ്ടായിരം നിരോധിച്ചോ ഇല്ലേ എന്ന ചോദ്യവും പലപ്പോഴും ഉയര്‍ന്നുവന്നിരുന്നു. ഇപ്പോഴിതാ വീണ്ടും രണ്ടായിരം രൂപ നോട്ട് നിരോധിച്ചുവെന്ന് കേള്‍ക്കുന്നു. എന്നാല്‍ ഇതിന്റെ നിജസ്ഥിതി എന്താണെന്ന് രാജ്യസഭയില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു.
കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് രാജ്യസഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കിയത്. രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി നിര്‍ത്താനുള്ള തീരുമാനം ഇതുവരെ കൈക്കൊണ്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. നിശ്ചിത രൂപയുടെ നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്കുമായി ആലോചിച്ച് കേന്ദ്ര സര്‍ക്കാരാണ് കൈക്കൊള്ളുന്നത്. എന്നാല്‍ 2019-20, 2020-21 സാമ്പത്തിക വര്‍ഷങ്ങളില്‍ ഇതുവരെയായി 2000 രൂപ അച്ചടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ അര്‍ത്ഥം അച്ചടി എന്നെന്നേക്കുമായി നിര്‍ത്തിയെന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
2020 മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം 27398 ലക്ഷം 2000 രൂപയാണ് വിപണിയിലുള്ളത്. 2019 മാര്‍ച്ച് 31 ന് 32910 ലക്ഷം രണ്ടായിരം രൂപ നോട്ടുകളാണ് ഉണ്ടായിരുന്നത്. കൊവിഡിനെ തുടര്‍ന്ന് പ്രിന്റിങ് പ്രസുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നതായി റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്.