റഷ്യയില്‍ ഉടന്‍ നിക്ഷേപം നടത്തില്ലെന്ന് ഓയില്‍ ഇന്ത്യ ലിമിറ്റഡ്

February 25, 2022 |
|
News

                  റഷ്യയില്‍ ഉടന്‍ നിക്ഷേപം നടത്തില്ലെന്ന് ഓയില്‍ ഇന്ത്യ ലിമിറ്റഡ്

റഷ്യയില്‍ ഉടന്‍ നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ഇന്ത്യ ലിമിറ്റഡ്. റഷ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള റോസ്നെഫ്റ്റ് ഓയില്‍ കമ്പനിയില്‍ നിക്ഷേപം നടത്താന്‍ ഒഐഎല്‍ ഒരുങ്ങുന്നതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഒഎന്‍ജിസി വിദേശ് ലിമിറ്റഡ് (ഒവിഎല്‍), ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി), ഒഐഎഎല്‍ എന്നിവരടങ്ങിയ കണ്‍സോഷ്യമാണ് റോസ്നെഫ്റ്റിന്റെ വോസ്റ്റോക്ക് പ്രോജക്ടില്‍ നിക്ഷേപം നടത്തുന്നത്. റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് ഒഐഎല്ലിന്റെ പ്രസ്താവന.

ഓയില്‍ മേഖലയിലെ ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇതുവരെ 16 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപമാണ് റഷ്യയില്‍ നടത്തിയിരിക്കുന്നത്. ഒവിഎല്‍, ഒഐഎല്‍, ഐഒസി, ഭാരത് പെട്രോറിസോഴ്സസ് എന്നീ സ്ഥാപനങ്ങളുടെ കണ്‍സോഷ്യത്തിന് റഷ്യയുടെ വാങ്കോര്‍നെഫ്റ്റിന്റെ ഉപസ്ഥാപനത്തില്‍ 49.9 ശതമാനം ഓഹരികളുണ്ട്.

റോസ്നെഫ്റ്റിന്റെ ഒരു ഉപസ്ഥാപനത്തില്‍ ഒഐഎല്‍, ഐഒസി, ഭാരത് പെട്രോറിസോഴ്സസ് എന്നിവയുടെ കണ്‍സോഷ്യത്തിന് 29.9 ശതമാനം ഓഹരികളാണുള്ളത്. ഇതിനു പുറമെ റഷ്യയിലെ സാഖലിന്‍ -1 ഹൈഡ്രോ കാര്‍ബണ്‍ ബ്ലോക്കില്‍ 20 ശതമാനം ഓഹരി വിഹിതമുള്ള സ്ഥാപനാണ് ഒവിഎല്‍. 2020 ഫെബ്രുവരിയില്‍ റഷ്യയില്‍ നിന്ന് 2 മില്യണ്‍ ക്രൂഡ് ഓയില്‍ വാങ്ങാനുള്ള കരാറില്‍ ഐഒസി ഒപ്പിട്ടിരുന്നു. റഷ്യ- ഉക്രൈന്‍ യുദ്ധം ആഗോള എണ്ണവില കുത്തനെ ഉയരാന്‍ കാരണമായിട്ടുണ്ട്. 2014ന് ശേഷം ക്രൂഡ് ഓയില്‍ വില ആദ്യമായി ബാരലിന് 100 ഡോളര്‍ കടന്നിരുന്നു. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലോക രാജ്യങ്ങള്‍ സാമ്പത്തിക ഉപരോധം തുടര്‍ന്നാല്‍ റഷ്യയുടെ എണ്ണവില്‍പ്പനയെ അത് സാരമായി ബാധിച്ചേക്കും.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved