പിരിച്ചുവിടലും ശമ്പളം കുറയ്ക്കലുമുണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ

July 24, 2020 |
|
News

                  പിരിച്ചുവിടലും ശമ്പളം കുറയ്ക്കലുമുണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ

കൊറോണ വൈറസ് ചെലവ് ചുരുക്കലിന്റെ ഭാഗമായി വ്യോമയാന മേഖലയിലുടനീളം പിരിച്ചുവിടലുകള്‍ നടക്കുന്നുണ്ടെങ്കിലും കമ്പനിയിലെ ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ വ്യാഴാഴ്ച അറിയിച്ചു. എയര്‍ ഇന്ത്യ ബോര്‍ഡിന്റെയും സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെയും യോഗത്തിലാണ് തീരുമാനം എടുത്തതെന്ന് എയര്‍ലൈന്‍ ഔദ്യോഗിക ട്വീറ്റില്‍ അറിയിച്ചു. ഒരു വിഭാഗത്തിലെ ജീവനക്കാര്‍ക്കും അടിസ്ഥാന ശമ്പളം, ക്ഷാമബത്ത (ഡിഎ), ഹൌസ് റെന്റ് അലവന്‍സ് (എച്ച്ആര്‍എ) എന്നിവ കുറയ്ക്കില്ലെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

എന്നിരുന്നാലും മറ്റ് ചില അലവന്‍സുകളില്‍ കുറവുകള്‍ വരുത്തിയേക്കാം. എയര്‍ലൈനിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുകഴിഞ്ഞാല്‍ ഇത് അവലോകനം ചെയ്യുമെന്ന് എയര്‍ ഇന്ത്യ പറഞ്ഞു. കടം, വിമാന പാട്ട വാടക, പ്രവര്‍ത്തന ചെലവ് എന്നിവ കുറച്ചുകൊണ്ട് ചെലവ് കുറയ്ക്കാന്‍ കാരിയര്‍ പദ്ധതിയിടുന്നുണ്ടെന്ന് കഴിഞ്ഞയാഴ്ച എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ (സിഎംഡി) രാജീവ് ബന്‍സാല്‍ പറഞ്ഞിരുന്നു.

കാര്യക്ഷമത, ആരോഗ്യം തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി ജീവനക്കാരെ കണ്ടെത്താനും നിര്‍ബന്ധിത അവധി നല്‍കാനും എയര്‍ലൈന്‍ ഡിപ്പാര്‍ട്ട്മെന്റല്‍ മേധാവികളോടും പ്രാദേശിക ഡയറക്ടര്‍മാരോടും ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസ്താവന. തിരഞ്ഞെടുക്കുന്ന ഉദ്യോഗസ്ഥരെ അഞ്ച് വര്‍ഷം വരെ ശമ്പളമില്ലാതെ നിര്‍ബന്ധിത അവധിയില്‍ അയയ്ക്കും.

ലോകമെമ്പാടുമുള്ള ലോക്ക്‌ഡൌണുകളെ തുടര്‍ന്ന് വ്യോമയാന മേഖലയിലെ നിരവധി കമ്പനികള്‍ പിരിച്ചുവിടലുകള്‍ക്കും ശമ്പള വെട്ടിക്കുറയ്ക്കലുകള്‍ക്കും സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് പ്രതിസന്ധിയെ തുടര്‍ന്നുള്ള യാത്രാ നിരോധനമാണ് വിമാനക്കമ്പനികളെ സാമ്പത്തിക സമ്മര്‍ദ്ദത്തിലാക്കിയത്. 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എയര്‍ലൈനായ ഇന്‍ഡിഗോ അറിയിച്ചിരുന്നു.

എയര്‍ ഇന്ത്യയുടെ ഓഫീസ് ഉത്തരവ് പ്രകാരം ദേശീയ ഫ്‌ലൈറ്റ് കാരിയര്‍ ജീവനക്കാരുടെ അലവന്‍സ് 20 ശതമാനം മുതല്‍ 50 ശതമാനം വരെ കുറയ്ക്കും. കമ്പനി നിര്‍ദ്ദേശ പ്രകാരം പുതുക്കിയ അലവന്‍സുകള്‍ 2020 ഏപ്രില്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ വരും. ഒരു മാസത്തിലെ യഥാര്‍ത്ഥ ഫ്‌ലൈയിംഗ് സമയം അനുസരിച്ച് പൈലറ്റുമാര്‍ക്ക് ഫ്‌ലൈയിംഗ് അലവന്‍സുകള്‍ നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു.

Related Articles

© 2025 Financial Views. All Rights Reserved