
യുഎഇ ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇനി മുതല്‍ ഞായറാഴ്ചയും അവധി. നിലവിലുള്ള ശനിയാഴ്ചത്തെ അവധി തുടരും. വെള്ളിയാഴ്ച ഉച്ചവരെ മാത്രമായിരിക്കും ജോലി. ഇത് വീട്ടില്‍ നിന്നുമാവാം. 2022 ജനുവരി മുതല്‍ പുതിയ വീക്കെന്‍ഡ് സംവിധാനം നിലവില്‍ വരും. പുതിയ പ്രവൃത്തി ഘടന പിന്തുടരുമെന്ന് അബുദാബി, ദുബൈ ഗവണ്‍മെന്റുകള്‍ പ്രഖ്യാപിച്ചു.
ഗവണ്‍മെന്റ് സ്റ്റാഫിന് തിങ്കള്‍ മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 7.30 മുതല്‍ 3.30 വരെയും വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12.00 മണി വരെയുമായിരിക്കും പുതിയ ഘടനപ്രകാരമുള്ള ജോലി. വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം 1.15 ന് നടക്കും. വെള്ളിയാഴ്ചകളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീട്ടില്‍ നിന്ന് ജോലിചെയ്യാനും അനുവാദം നല്‍കും. അഞ്ചു ദിവസത്തില്‍ കുറഞ്ഞ ജോലി അനുവദിക്കുന്ന ആദ്യ രാജ്യമാണ് യുഎഇ.