
കോവിഡ് അതിരൂക്ഷമായി പടരുന്ന സാഹചര്യത്തില്‍ കെവൈസി (നോ യുവര്‍ കസ്‌ററമര്‍) രേഖകള്‍ ഹാജരാക്കാത്ത കേസുകളില്‍ ഡിസംബര്‍ 31 വരെ അക്കൗണ്ട് മരവിപ്പിക്കരുതെന്ന് ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം. കെവൈസി രേഖകള്‍ നല്‍കാത്തവരുടെ അക്കൗണ്ട് മേയ് 31 വരെ മരവിപ്പിക്കുന്ന സാധാരണ നടപടി ഇക്കുറി വേണ്ടെന്നും ശാഖകളോട് നിര്‍ദേശിച്ചിരുന്നു. കോവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കെ വൈ സി രേഖകള്‍ പുതുക്കുന്നതിന് ഇടപാടുകാരെ ബാങ്കിലേക്ക് വരുത്തേണ്ടെന്നാണ് നിര്‍ദേശം.
രേഖകള്‍ അപ്‌ഡേറ്റ് ചെയ്യേണ്ട സമയം കഴിഞ്ഞ കേസുകളില്‍ അക്കൗണ്ടുടമകളോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെടാതെ ഇ മെയില്‍ ആയിട്ടോ തപാലിലോ അയക്കാന്‍ ആവശ്യപ്പെടാം. കോവിഡ് അതിരൂക്ഷമായി പടരുന്ന സാഹചര്യത്തില്‍ മാറ്റി വയ്ക്കാവുന്ന ഇത്തരം ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നത് ജീവനക്കാര്‍ക്കും അക്കൗണ്ടുടമകള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.
കാലാകാലങ്ങളില്‍ ബാങ്കുകള്‍ അക്കൗണ്ടുടമകളുടെ കെവൈസി രേഖകള്‍ ആവശ്യപ്പെടാറുണ്ട്. ഇടപാടുകാരുടെ റിസ്‌ക് പ്രൊഫൈല്‍ അനുസരിച്ചാണ് രേഖകള്‍ ഹാജരാക്കാനുള്ള കാലാവധി നിശ്ചയിക്കുന്നത്. വളരെ കുറഞ്ഞ റിസ്‌കിലുള്ള അക്കൗണ്ടുടമകള്‍ 10 വര്‍ഷത്തില്‍ ഒരിക്കല്‍ ഇത് പുതുക്കിയാല്‍ മതിയാകും. എന്നാല്‍ കൂടിയ റിസ്‌കുള്ളവരോട് രണ്ട് വര്‍ഷത്തിലൊരിക്കല്‍ രേഖ ആവശ്യപ്പെടും. റിസ്‌ക് ഇടത്തരമാണെങ്കില്‍ എട്ട് വര്‍ഷം നല്‍കും. അക്കൗണ്ടിലൂടെ നടത്തുന്ന ഇടപാടുകളുടെ മൂല്യം, ഇടവേള എന്നിവ പരിഗണിച്ചാണ് അക്കൗണ്ടുടമകളുടെ റിസ്‌ക് നിര്‍ണയിക്കുക.