
ന്യൂഡല്‍ഹി: 30 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയെന്ന ലക്ഷ്യം ഇന്ത്യ പൂര്‍ത്തീകരിച്ചാല്‍ രാജ്യത്തെ പട്ടിണി പൂര്‍ണമായും മാറുമെന്ന പ്രസ്താവനയുമായി വ്യവസായി ഗൗതം അദാനി. 2050നുള്ളില്‍ 30 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയെന്ന ലക്ഷ്യം ഇന്ത്യ പൂര്‍ത്തീകരിച്ചാല്‍ ഒഴിഞ്ഞ വയറുമായി ആരും ഉറങ്ങാന്‍ പോകുന്ന സാഹചര്യമുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മുംബൈയില്‍ ടൈംസ് നെറ്റ്വര്‍ക്ക് സംഘടിപ്പിച്ച ഇന്ത്യ എക്കോണമിക് കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2050ലേക്ക് 10,000 ദിവസം മാത്രം. ഈ ഒരു സമയത്തിനുള്ളില്‍ 25 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് നാം കൂട്ടിച്ചേര്‍ക്കും. പ്രതിദിനം 2.5 ബില്യണ്‍ ഡോളറായിരിക്കും സമ്പദ്‌വ്യവസ്ഥക്കൊപ്പം ചേര്‍ക്കുക. ഈ രീതിയില്‍ സമ്പദ്‌വ്യവസ്ഥ മുന്നോട്ട് പോവുകയാണെങ്കില്‍ പട്ടിണി പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദാനി പറഞ്ഞു.
കണക്കുകള്‍ ചൂണ്ടികാണിക്കുമ്പോള്‍ ഇതൊരു വലിയ സംഖ്യയായി തോന്നുമെങ്കിലും 10,000 ദിവസങ്ങള്‍ കൊണ്ട് രാജ്യത്തിന് ഇത് സാധ്യമാക്കാന്‍ കഴിയുമെന്ന് അദാനി കൂട്ടിച്ചേര്‍ത്തു. 1.4 ബില്യണ്‍ ആളുകളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നത് ഹ്രസ്വകാലത്തേക്ക് ഒരു മാരത്തണ്‍ പോലെ തോന്നിയേക്കാം. എന്നാല്‍, ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇതൊരു സ്പ്രിന്റ് ഇനമാണെന്ന് ഗൗതം അദാനി പറഞ്ഞു.