
ന്യൂഡല്‍ഹി: രണ്ടായിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് കേന്ദ്ര ധനസഹമന്ത്രി അനുരാഗ് താക്കൂര്‍ ലോക്‌സഭയില്‍ പറഞ്ഞു. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് നിര്‍ത്താന്‍ കേന്ദ്രം ശ്രമിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് പ്രഖ്യാപനം. ഇത് പിന്‍വലിക്കുകയില്ലെന്നും പല ബാങ്ക് എടിഎമ്മുകളിലൂടെയും വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 7.40 ലക്ഷം കോടി രൂപയാണ് രാജ്യത്ത് പ്രചാരത്തിലുള്ള 2000 രൂപാ നോട്ടുകളുടെ മൊത്തം മൂല്യം.
2000 രൂപയ്ക്ക് ചില്ലറ കിട്ടാന്‍ പ്രയാസമാണെന്ന് വ്യാപക പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ എസ്.ബി.ഐ അടക്കമുള്ള പൊതുമേഖലാ ബാങ്കുകള്‍ എ.ടി.എമ്മുകളില്‍ 200, 500 രൂപാ നോട്ടുകള്‍ നിറയ്ക്കുന്നുണ്ട്. ഇത് ജനങ്ങള്‍ക്ക് സഹായകമാണെന്നും മന്ത്രി പറഞ്ഞു. ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ 500 രൂപയു്ക്കും 200 രൂപയ്ക്കുമുള്ള നോട്ടുകളുടെ ഉയര്‍ന്ന ആവിശ്യം കണക്കിലെടുത്ത് ഈ കറന്‍സി നോട്ടുകള്‍ക്കായി എടിഎമ്മുകള്‍ പുനക്രമീകരിക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രാദേശിക ഹെഡ് ഓഫീസുകളിലേക്ക് ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം കഴിഞ്ഞ രണ്ട് മാസമായി രണ്ടായിരം രൂപയുടെ നോട്ടുകള്‍ വിപണിയില്‍ കുറവായിരുന്നു.
1.96 ലക്ഷം കോടി രൂപയാണ് രാജ്യത്ത് പ്രചാരത്തിലുള്ള 100 രൂപാ നോട്ടുകളുടെ മൊത്തം മൂല്യം. 50 രൂപ നോട്ടിന്റെ മൊത്തം മൂല്യം 43,784 കോടി രൂപയും. പൊതുമേഖലാ ബാങ്കുകള്‍ എ.ടി.എമ്മില്‍ നിന്നുള്‍പ്പെടെ 2000 രൂപാ നോട്ടുകള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.