ഫ്രാങ്ക്ളിന്‍ ടെംപിള്‍ട്ടണ്‍ രാജ്യത്തെ പ്രവര്‍ത്തനം നിര്‍ത്തില്ല; വിശദീകരണവുമായി കമ്പനി

April 03, 2021 |
|
News

                  ഫ്രാങ്ക്ളിന്‍ ടെംപിള്‍ട്ടണ്‍ രാജ്യത്തെ പ്രവര്‍ത്തനം നിര്‍ത്തില്ല; വിശദീകരണവുമായി കമ്പനി

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മ്യൂച്വല്‍ ഫണ്ട് കമ്പനിയായ ഫ്രാങ്ക്ളിന്‍ ടെംപിള്‍ട്ടണ്‍ രാജ്യത്തെ പ്രവര്‍ത്തനം തുടരുമെന്ന് വ്യക്തമാക്കി. നിക്ഷേപകര്‍ക്ക് അയച്ച കത്തിലാണ് ഫ്രങ്ക്ളിന്‍ മ്യൂച്വല്‍ ഫണ്ട് ഇന്ത്യുടെ പ്രസിഡന്റ് സഞ്ജയ് സാപ്രെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്. ആറ് ഡെറ്റ് ഫണ്ടുകള്‍ പ്രവര്‍ത്തനം മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് സെബി വന്‍ തുക പിഴ ഈടാക്കിയാല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തേണ്ടിവരുമെന്ന് ഫ്രങ്ക്ളിന്റെ ഗ്ലോബല്‍ ചീഫായ ജെന്നിഫര്‍ ജോണ്‍സണ്‍ ഇന്ത്യന്‍ അംബസിഡറെ അറിയിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് രാജ്യത്തെ പ്രവര്‍ത്തനം കമ്പനി നിര്‍ത്തുമെന്നതരത്തില്‍ അഭ്യൂഹം പ്രചരിച്ചത്. അതിനുള്ള വിശദീകരണവുമായാണ് സാപ്രെ നിക്ഷേപകര്‍ക്ക് മെയിലയച്ചത്. പ്രവര്‍ത്തനം മരവിപ്പിച്ച ആറുഫണ്ടുകളിലായി 15,776 കോടിരൂപയുടെ നിക്ഷേപം തിരിച്ചെടുക്കാനായതായി അദ്ദേഹം വിശദീകരിച്ചു. ഫെബ്രുവരിയില്‍ 9,122 കോടി രൂപ നിക്ഷേപകര്‍ക്ക് വിതരണംചെയ്തു 1,874 കോടി രൂപ വിതരണം ചെയ്യാന്‍ പണമായുണ്ട്.

രണ്ടാഴ്ച കൊണ്ട് 505 കോടി രൂപയുടെ നിക്ഷേപം തിരിച്ചെടുക്കാനായതായും അദ്ദേഹം വ്യക്തമാക്കി. 2020 ഏപ്രില്‍ 23ന് പ്രവര്‍ത്തനം അവസാനിപ്പിച്ചപ്പോഴുള്ളതിനേക്കാള്‍ ഉയര്‍ന്ന എന്‍എവിയിലാണ് ഫണ്ടുകളിപ്പോഴുള്ളത്. 20 ലക്ഷം നിക്ഷേപകരാണ് ഫ്രാങ്ക്ളിന്റെ വിവിധ ഫണ്ടുകളിലായി നിലവില്‍ നിക്ഷേപം നടത്തിയിട്ടുള്ളത്. മൊത്തം നിക്ഷേപം 60,000 കോടിയിലേറെയുമാണ്.

Related Articles

© 2025 Financial Views. All Rights Reserved