
പൊതു മേഖലാ സ്ഥാപനമായ ഒഎന്‍ജിയുടെ വിദേശ സംഭരംഭമായ ഒഎന്‍ജിസി വിദേശ് ലിസ്റ്റ് ചെയ്യുന്നതിനുള്ള നിര്‍ദേശമോ ഉത്തരവോ തന്റെ മന്ത്രാലയത്തിന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഒവിഎല്‍ ലിസ്റ്റ് ചെയ്യുന്നതിനെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഇന്‍വസ്റ്റ്മന്റ് പബ്ലിക് അസെറ്റ് മാനേജ്‌മെന്റ് നടത്തിയ നീക്കത്തിനെതിരെ ഒഎന്‍ജിസി ശക്തമായ എതിര്‍പ്പാണ് ഇതിനകം പ്രകടിപ്പിച്ചിട്ടുള്ളത്.
ലിസ്റ്റിങ് പദ്ധതി സര്‍ക്കാര്‍ വീണ്ടും നടപ്പിലാക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത വന്നതോടെയാണ് കേന്ദ്രമന്ത്രി ഇത്തരമൊരു പ്രസ്താവന ഇപ്പോള്‍ നടത്തിയിട്ടുള്ളത്. ഒഎന്‍ജിസിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഒഎന്‍ജിസി വിദേശ്, രാജ്യത്തിന്റെ ഏറ്റവും വലിയ അന്താരാഷ്ട്ര ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനിയാണ്. 1965 മാര്‍ച്ച് അഞ്ചിന് ഇറാനിലെ എണ്ണപ്പാടങ്ങളില്‍ ഖനനത്തിനായി രൂപീകൃതമായ കമ്പനി 1989ലാണ് ഒഎന്‍ജിസി വിദേശ് എന്ന പേരില്‍ പുനര്‍നാമകരണം ചെയ്യപ്പെട്ടത്.