ഇന്ധന വില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാനുള്ള നിര്‍ദേശം സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്ന് നിര്‍മല സീതാരാമന്‍; വില കുറയില്ലെന്ന് ഉറപ്പായി

March 16, 2021 |
|
News

                  ഇന്ധന വില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാനുള്ള നിര്‍ദേശം സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്ന് നിര്‍മല സീതാരാമന്‍; വില കുറയില്ലെന്ന് ഉറപ്പായി

ന്യൂഡല്‍ഹി: കുതിച്ചുയരുന്ന ഇന്ധന വിലയെ വരുതിയില്‍ നിര്‍ത്താന്‍ പലരും നിര്‍ദേശിച്ചത് ഊര്‍ജ മേഖല ജിഎസ്ടി പരിധിയില്‍ കൊണ്ടുവരണം എന്നായിരുന്നു. ക്രൂഡ് ഓയില്‍, പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം, പ്രകൃതി വാതകം എന്നിവയൊന്നും ജിഎസ്ടിയുടെ പരിധിയില്‍ ഇല്ല. ഇവ ജിഎസ്ടി പരിധിയില്‍ വന്നാല്‍ കേന്ദ്രവും സംസ്ഥാനങ്ങളും പ്രത്യേകം ചുമത്തുന്ന നികുതി ഒഴിവാക്കാമെന്നും അതുവഴി വില കുറയ്ക്കാമെന്നുമായിരുന്നു ചര്‍ച്ചകള്‍. എന്നാല്‍ ഇങ്ങനെ ഒരു നിര്‍ദേശം സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. നേരത്തെ പെട്രോള്‍, ഡീസല്‍ വില കുറയേണ്ടത് ആവശ്യമാണ് എന്ന് മന്ത്രി പറഞ്ഞിരുന്നു. മന്ത്രിയുടെ പുതിയ പ്രസ്താവനയോടെ ഇന്ധന വില ഉടനെ കുറയില്ലെന്ന് ഉറപ്പായി.

2017 ജൂലൈ ഒന്നിനാണ് ജിഎസ്ടി നിലവില്‍ വന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും വെവ്വേറെ നികുതി ചുമത്താതെ രാജ്യത്ത് ഒരൊറ്റ നികുതി എന്ന കാഴ്ചപ്പാടിലാണ് ജിഎസ്ടി കൊണ്ടുവന്നത്. ഏതൊക്കെ വസ്തുക്കള്‍ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണം എന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നിരുന്നു. ഒടുവില്‍ ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം തുടങ്ങി അഞ്ചെണ്ണം ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തില്ലെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ വ്യക്തമാക്കി. ഇതുമൂലം സര്‍ക്കാരിന് ലഭിക്കുന്ന വരുമാനം മുന്നില്‍ കണ്ടായിരുന്നു ഈ തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ എക്സൈസ് ഡ്യൂട്ടിയും സംസ്ഥാനങ്ങളുടെ വാറ്റും പെട്രോളിനും ഡീസലിനും മറ്റും തുടരാനായിരുന്നു തീരുമാനം.

ആഗോള വിപണയില്‍ എണ്ണവില 20 ഡോളറിലെത്തിയ വേളയില്‍ സര്‍ക്കാര്‍ നികുതി ഉയര്‍ത്തുകയാണ് ചെയ്തത്. അതുമൂലം വിലക്കുറവിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിച്ചില്ല. ഇപ്പോള്‍ കൊറോണ ഭീതി അകലുകയും വിപണികള്‍ സജീവമാകുകയും ചെയ്തതോടെ എണ്ണവില ഉയരാന്‍ തുടങ്ങി. ഈ വേളയില്‍ നികുതി കുറയ്ക്കാനും സര്‍ക്കാര്‍ തയ്യാറായില്ല. ഇതോടെ പെട്രോളിനും ഡീസലിനും പ്രകൃതി വാതകത്തിനുമെല്ലാം വില കുത്തനെ കൂടി. അടുത്തിടെ പെട്രോളിന് രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ലിറ്ററിന് 100 രൂപ കടന്നത് വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്നാണ് ഇന്ധനവില ജിഎസ്ടി പരിധിയില്‍ വരണം എന്ന ചര്‍ച്ച സജീവമായത്.

പെട്രോളും ഡീസലും പ്രകൃതിവാതകവുമെല്ലാം ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണം എന്ന നിര്‍ദേശം സര്‍ക്കാരിന്റെ മുന്നിലില്ല എന്ന് മന്ത്രി നിര്‍മല സീതാരാമന്‍ ലോക്സഭയില്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. വില വര്‍ധനവ് വിഷയത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സീതാരാമന്‍. പെട്രോളിനും ഡീസലിനും ജിഎസ്ടി ചുമത്തണമെങ്കില്‍ ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശ വേണം. കൗണ്‍സിലില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍ വിഷയം ചര്‍ച്ച ചെയ്യണം. എന്നിട്ടാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. എന്നാല്‍ നിലവില്‍ അത്തരം ശുപാര്‍ശകള്‍ സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്നും മന്ത്രി രേഖാമൂലം ലോക്സഭയെ അറിയിച്ചു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved