
ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹന വിപ്ലവം പ്രോല്‍സാഹിപ്പിക്കാന്‍ വലിയ ഇളവുകള്‍ പദ്ധതിയിട്ട് കേന്ദ്ര സര്‍ക്കാര്‍. ബാറ്ററി വാഹനങ്ങള്‍ക്ക് റെജിസ്‌ട്രേഷന്‍ ഫീസും പുതുക്കല്‍ ഫീസും എല്ലാം ഒഴിവാക്കാനാണ് ഗതാഗത മന്ത്രാലയം ആലോചിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാരില്‍ വാഹനം റെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കാണിക്കുന്ന ഔദ്യോഗിക രേഖയാണ് റെജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആര്‍സി. നിയമസാധുതയുള്ള ആര്‍സി ഉണ്ടെങ്കില്‍ മാത്രമേ വാഹനം ഇന്ത്യന്‍ നിരത്തുകളിലിറക്കാന്‍ സാധിക്കൂ. എവിടെയെല്ലാം വാഹനം ഉപയോഗിക്കാം, ഏത് തരം വാഹനമാണ്, ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ വിഭാഗമേത് തുടങ്ങി നിരവധി വിവരങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടാകും.
15 വര്‍ഷമാണ് സാധാരണ നിലയില്‍ ആര്‍സിയുടെ കാലാവധി. അതിന് ശേഷം ആര്‍ സി അഞ്ച് വര്‍ഷത്തേക്ക് പുതുക്കി നല്‍കും. ബാറ്ററി വാഹനങ്ങള്‍ക്ക് ആര്‍സി ആവശ്യമില്ലെന്നത് സംബന്ധിച്ച പരിഷ്‌കരണവുമായി ബന്ധപ്പെട്ട കരട് നോട്ടിഫിക്കേഷന്‍ കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. പൊതുജനങ്ങളുടെ ഉള്‍പ്പടെ അഭിപ്രായം ആരായനാണ് ഇത്.
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വിവിധ തരത്തിലുള്ള പദ്ധതികള്‍ കുറച്ച് കാലമായി പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. 2019 ബജറ്റില്‍ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ നിരവധി ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു. വായ്പയെടുത്ത് ഇ-വാഹനങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് 1.5 ലക്ഷം രൂപയുടെ ആദായ നികുതി ഇളവ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കിയും സര്‍ക്കാര്‍ കുറച്ചിരുന്നു.
ഫെയിം പദ്ധതിയുടെ ഭാഗമായി 2019ല്‍ ഇലക്ട്രിക് വാഹനങ്ങളുടെ പ്രോല്‍സാഹനത്തിനായി 10,000 കോടി രൂപയും സര്‍ക്കാര്‍ നീക്കിവച്ചിരുന്നു. 2023 ന് ശേഷം ഇലക്ട്രിക് ഇതര മുചക്ര വാഹനങ്ങളുടെയും 2025ന് ശേഷം ഇലക്ട്രിക് ഇതര മോട്ടോര്‍ സൈക്കിളുകളുടെയും വില്‍പ്പന നിരോധിച്ചുള്ള ഒരു കരട് പ്രൊപ്പോസല്‍ നേരത്തെ നിതി ആയോഗ് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി കാരണം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ ഇത്തരമൊരു കാലപരിധി വയ്ക്കുന്നില്ലെന്ന് പിന്നീട് ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി വ്യക്തമാക്കി.