10,000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി നോക്കിയ; നീക്കം ആര്‍ ആന്‍ഡ് ഡി വികസനത്തിന്

March 17, 2021 |
|
News

                  10,000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി നോക്കിയ; നീക്കം ആര്‍ ആന്‍ഡ് ഡി വികസനത്തിന്

ലണ്ടന്‍: പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പുനസംഘടനയ്ക്ക് ഒരുങ്ങുകയാണ് നോക്കിയ. 5ജി പോരാട്ടത്തില്‍ മേധാവിത്വ സ്ഥാനത്തേക്ക് എത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് ഫിന്നിഷ് കമ്പനിയുടെ തീരുമാനം. പക്ഷേ ഒരു പ്രശ്‌നമുണ്ട്. ആര്‍ ആന്‍ഡ് ഡിയില്‍ കൂടുതല്‍ നിക്ഷേപം നടത്താനായി ആയിരക്കണക്കിന് പേരെ കമ്പനി പിരിച്ചുവിടും. അതെ, ചെലവ് ചുരുക്കലിന്റെയും ആര്‍ ആന്‍ഡ് ഡി വികസനത്തിന്റെയും ഭാഗമായി 10,000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണ് കമ്പനിയെന്നാണ് റിപ്പോര്‍ട്ട്.   

5ജി ടെക്‌നോളജിയുടെ മുഖ്യ സപ്ലൈയറായുള്ള തങ്ങളുടെ റോള്‍ ഊട്ടിയുറപ്പിക്കുകയാണ് നോക്കിയയുടെ ലക്ഷ്യം. പുതിയ പരിഷ്‌കരണങ്ങളോടെ രണ്ട് വര്‍ഷത്തിനുള്ളില്‍ നോക്കിയയുടെ മൊത്തം ജീവനക്കാരുടെ എണ്ണം 85,000-80,000 ആയി കുറയും. 2023 ആകുമ്പോഴേക്കും 715 മില്യണ്‍ ഡോളറെങ്കിലും ചെലവ് കുറയ്ക്കാനാണ് പദ്ധതി. അതേസമയം ഏതെല്ലാം രാജ്യങ്ങളിലെ ജീവനക്കാര്‍ക്കാണ് തൊഴില്‍ പോകുകയെന്നത് വ്യക്തമല്ല. ദീര്‍ഘകാല പ്രകടനം നിലനിര്‍ത്താനും സുസ്ഥിരതയുടെയും ഭാഗമാണ് നടപടികളെന്ന് നോക്കിയ സിഇഒ പെക്ക ലന്‍ഡ്മാര്‍ക്ക് വ്യക്തമാക്കി.

തൊഴിലാളികളെ വെട്ടിച്ചുരുക്കുന്നതിലൂടെ ലാഭിക്കുന്ന പണം ആര്‍ ആന്‍ഡ് ഡി രംഗത്തെ കൂടുതല്‍ നിക്ഷേപത്തിന് വഴിയൊരുക്കുമെന്ന് ഫിന്‍ലന്‍ഡിലെ എസ്പൂ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി പറയുന്നു. 5ജി അടിസ്ഥാനസൗകര്യ രംഗത്ത് ചൈനയുടെ വാവെയ്, സ്വീഡന്റെ എറിക്‌സണ്‍, സൗത്ത് കൊറിയയുടെ സാംസംഗ് എന്നിവരാണ് നോക്കിയയുടെ പ്രധാന എതിരാളികള്‍.

Read more topics: # നോക്കിയ, # nokia,

Related Articles

© 2024 Financial Views. All Rights Reserved