ഇന്ത്യയില്‍ നിന്നുള്ള ബസുമതി ഇതര അരി കയറ്റുമതിയില്‍ വന്‍ വളര്‍ച്ച

April 22, 2022 |
|
News

                  ഇന്ത്യയില്‍ നിന്നുള്ള ബസുമതി ഇതര അരി കയറ്റുമതിയില്‍ വന്‍ വളര്‍ച്ച

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ബസുമതി ഇതര അരി കയറ്റുമതിയില്‍ വന്‍ വളര്‍ച്ചയെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയുടെ ബസുമതി ഇതര അരി കയറ്റുമതി 2013-14ലെ 2.92 ബില്യണ്‍ ഡോളറില്‍ നിന്ന് 2021-22ല്‍ 6.11 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായി വാണിജ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു.  109 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. 2021-22ല്‍ 150 രാജ്യങ്ങളിലേക്ക് ഇന്ത്യ അരി കയറ്റുമതി ചെയ്തതായും ഡിജിസിഐഎസ് കണക്ക് വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ നിന്നുള്ള ബസ്മതി ഇതര അരി കയറ്റുമതി 2019-20 ല്‍ 2015 ദശലക്ഷം ഡോളറായിരുന്നുവെന്നാണ് ഡിജിസിഐഎസ് കണക്ക്. ഇത് 2020-21ല്‍ 4799 ദശലക്ഷം ഡോളറായി ഉയര്‍ന്നു. 2021-22ല്‍ 27 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ബസുമതി ഇതര അരിയുടെ കയറ്റുമതി എല്ലാ കാര്‍ഷികോല്‍പ്പന്നങ്ങളിലും ഏറ്റവും കൂടുതല്‍ വിദേശ നാണ്യ വരുമാനം നേടി (6115 ദശലക്ഷം ഡോളര്‍).

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ തുറമുഖങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലും മൂല്യ ശൃംഖലയുടെ വികസനത്തിനും അരി കയറ്റുമതിക്കായി പുതിയ രാജ്യങ്ങളില്‍ അവസരങ്ങള്‍ കണ്ടെത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങളും, അരി കയറ്റുമതിയില്‍ വന്‍ കുതിച്ചുചാട്ടത്തിന് കാരണമായി.

2021-22 ലെ രണ്ടാമത് അഡ്വാന്‍സ് എസ്റ്റിമേറ്റ് പ്രകാരം, 2021-22 ലെ അരിയുടെ മൊത്തം ഉല്‍പ്പാദനം 127.93 ദശലക്ഷം ടണ്ണായി കണക്കാക്കപ്പെടുന്നു. ഇത് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ശരാശരി ഉല്‍പ്പാദനമായ 116.44 ദശലക്ഷം ടണ്ണിനേക്കാള്‍ 11.49 ദശലക്ഷം ടണ്‍ കൂടുതലാണ്. ചൈന കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ അരി ഉത്പാദക രാജ്യമാണ് ഇന്ത്യ.

Related Articles

© 2025 Financial Views. All Rights Reserved