
തിരുവനന്തപുരം: പ്രവാസി കേരളീയരുടെ നിക്ഷേപ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ നോര്‍ക്ക ആരംഭിച്ച ബിസിനസ് ഫെസ്റ്റിലിറ്റേഷന്‍ സെന്ററിന് മികച്ച പ്രതികരണം. നൂറ് കോടിരൂപയുടെ നിക്ഷേപമാണ് നിലവില്‍ ലഭിച്ചിരിക്കുന്നത്. 750 തൊഴില്‍ അവസരങ്ങളും ഇതുവഴി സൃഷ്ടിക്കാന്‍ സാധിച്ചതായി മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചിരുന്നു. പ്രവാസികളുടെ സമ്പാദ്യം കേരളത്തിന്റെ സംരംഭകത്വ, വാണിജ്യ മേഖലകളില്‍ നിക്ഷേപിക്കുക വഴി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവും. അടിസ്ഥാന സൗകര്യ മേഖലയില്‍ 70 കോടി രൂപയുടെയും ഐ.ടി. മേഖലയില്‍ 11 കോടി രൂപയുടെയും ടൂറിസം രംഗത്ത് നാലര കോടിയുടെയും നിക്ഷേപമാണ് നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍ മുഖേന ഇതിനകം നേടാനായത്.
അടിസ്ഥാന സൗകര്യ വികസനത്തിലും വിനോദ സഞ്ചാര മേഖലയിലും കാര്‍ഷിക മേഖലയിലുമുള്ള സംരംഭക സാധ്യതകള്‍ പ്രവാസികള്‍ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ താല്പര്യമുള്ള സംരംഭകര്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകും. പരിസ്ഥിതി സൗഹാര്‍ദ്ദവും ഉപഭോക്തൃ സൗഹൃദവുമായ സംരംഭങ്ങള്‍ ആരംഭിക്കാനാകണം. വ്യക്തിഗത സംരംഭങ്ങള്‍ക്കൊപ്പം സഹകരണാടിസ്ഥാനത്തിലുള്ള നിക്ഷേപങ്ങളുടെ സാധ്യതയും പരിഗണിക്കണം. സംരംഭകര്‍ നേരിടുന്ന തടസ്സങ്ങള്‍ നീക്കുന്നതിനായി നിലവിലുള്ള നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തിയിട്ടുണ്ട്. ലൈസന്‍സുകളും അനുമതിയും വേഗത്തില്‍ ലഭ്യമാക്കാന്‍ കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ആന്റ് ട്രാന്‍സ്പരന്റ് ക്ലിയറന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.