പ്രത്യേക ഭരണഘടനാ പദവിയില്ലാത്ത ജമ്മു കശ്മീരില്‍ ഇനി ഏത് ഇന്ത്യന്‍ പൗരനും ഭൂമി സ്വന്തമാക്കാം; പുതിയ വിജ്ഞാപനം പുറത്തിറങ്ങി

October 28, 2020 |
|
News

                  പ്രത്യേക ഭരണഘടനാ പദവിയില്ലാത്ത ജമ്മു കശ്മീരില്‍ ഇനി ഏത് ഇന്ത്യന്‍ പൗരനും ഭൂമി സ്വന്തമാക്കാം;  പുതിയ വിജ്ഞാപനം പുറത്തിറങ്ങി

ശ്രീനഗര്‍: ജമ്മു കശ്മീരിന് ഇപ്പോള്‍ പ്രത്യേക ഭരണഘടനാ പദവിയില്ല. രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി തിരിക്കപ്പെടുകയും ചെയ്തു. അതിന് ശേഷം ജമ്മു കശ്മീരിലെ ഭൂനിയമം സംബന്ധിച്ച് പുതിയ വിജ്ഞാപനം പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍. ഇത് പ്രകാരം ഏത് ഇന്ത്യന്‍ പൗരനും നിക്ഷേപകനും ജമ്മു കശ്മീരില്‍ ഭൂമി സ്വന്തമാക്കാന്‍ സാധിക്കും. നേരത്തെ, ജമ്മു കശ്മീരിലെ സ്ഥിര താമസക്കാര്‍ക്ക് മാത്രമേ ഭൂമി വാങ്ങാന്‍ അനുവാദമുണ്ടായിരുന്നുള്ളു. പുതിയ വിജ്ഞാപനത്തിനെതിരെ രാഷ്ട്രീയമായ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്.

ഒക്ടോബര്‍ 27 ന് ആണ് ജമ്മു കശ്മീരിലെ ഭൂനിയമം സംബന്ധിച്ച പുതിയ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. റദ്ദാക്കിയ ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മുകശ്മീര്‍ നിവാസികള്‍ക്ക് മാത്രമായിരുന്നു ഭൂമി സ്വന്തമാക്കാന്‍ അവകാശമുണ്ടായിരുന്നത്. നിക്ഷേപകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പുതിയ വിജ്ഞാപനം. ജമ്മു കശ്മീര്‍ ടൂറിസം മേഖലയില്‍ അത്രയേറെ സാധ്യതകള്‍ തുറന്നിട്ടിരിക്കുന്ന മേഖലയാണ്. അതുകൊണ്ട് തന്നെ പുതിയ സാഹചര്യത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ഭൂമിയുമായി ബന്ധപ്പെട്ട് മേഖലയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

യൂണിയന്‍ ടെറിട്ടറി ഓഫ് ജമ്മു ആന്റ് കശ്മീര്‍ റീ ഓര്‍ഗനൈസേഷന്‍ (അഡാപ്റ്റേഷന്‍ ഓഫ് സെന്‍ട്രല്‍ ലോ) തേഡ് ഓര്‍ഡര്‍ 2020 എന്നായിരിക്കും പുതിയ വിജ്ഞാപനം അറിയപ്പെടുക. കാര്‍ഷികേതര ഭൂമി വാങ്ങാന്‍ ഏത് ഇന്ത്യന്‍ പൗരനും അനുമതി നല്‍കുന്നതാണ് ഈ വിജ്ഞാപനം. ജമ്മു കശ്മീരിലെ പ്രശ്നങ്ങളുടേയും വികസനമില്ലായ്മയുടേയും കാരണം ആര്‍ട്ടിക്കിള്‍ 370 ആയിരുന്നു എന്നാണ് ബിജെപി സര്‍ക്കാര്‍ ആദ്യം മുതലേ വാദിച്ചിരുന്നത്. നിക്ഷേപകര്‍ക്ക് ഭൂമി വാങ്ങാന്‍ ആവില്ല എന്ന പ്രശ്നം ഇതോടെ പരിഹരിക്കപ്പെട്ടിരിക്കുകയാണ്.

സമാനമായ ഭൂ നിയമം അധികം വൈകാതെ കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിലും നിലവില്‍ വരും എന്നാണ് സൂചനകള്‍. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി തിരിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ആരോഗ്യ മേഖലയുടേയും വിദ്യാഭ്യാസ മേഖലയുടേയും പുരോഗതിയ്ക്കായി ഭൂമി കൈമാറാം എന്നും പുതിയ വിജ്ഞാപനത്തില്‍ പറയുന്നുണ്ട. ഇതിനായി വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഭൂമി കൈമാറാം എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. കൃഷി ഭൂമിയുടെ കാര്യത്തില്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭൂമി ജില്ലാ കളക്ടറുടെ അനുമതിയില്ലാതെ കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ആവില്ലെന്നാണ് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved