
ഇനി മുതല്‍ ടെസ്ല കാര്‍ വാങ്ങാന്‍ ഡോളറോ മറ്റു കറന്‍സികളോ വേണമെന്നില്ല. ബിറ്റ്കോയിന്‍ കൊടുത്തും ടെസ്ലയുടെ വൈദ്യുത കാറുകള്‍ വാങ്ങാം. ടെസ്ലാ മേധാവി ഇലോണ്‍ മസ്‌കാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ന് മുതല്‍ വൈദ്യുത കാര്‍ നിര്‍മാതാക്കളായ ടെസ്ല ബിറ്റ്കോയിന്‍ ഇടപാടുകള്‍ അംഗീകരിക്കും. ഇതോടെ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്‍ സ്വീകരിച്ച് ഉത്പന്നം വില്‍ക്കുന്ന ലോകത്തെ ആദ്യ വാഹന കമ്പനിയായി ടെസ്ല മാറി.
'ഇനി ബിറ്റ്കോയിന്‍ ഉപയോഗിച്ചും ടെസ്ല കാര്‍ വാങ്ങാം', ഇലോണ്‍ മസ്‌ക് ബുധനാഴ്ച്ച ട്വിറ്ററില്‍ കുറിച്ചു. എന്തായാലും ഉപഭോക്താക്കളില്‍ നിന്നും ലഭിക്കുന്ന ബിറ്റ്കോയിന്‍ 'ഫിയറ്റ് കറന്‍സിയാക്കി' മാറ്റാന്‍ (പണമാക്കി മാറ്റാന്‍) കമ്പനിക്ക് ഉദ്ദേശ്യമില്ല. ഇവ ബിറ്റ്കോയിനായിത്തന്നെ ടെസ്ല കൈവശം സൂക്ഷിക്കും. നിലവില്‍ അമേരിക്കയില്‍ മാത്രമാണ് ബിറ്റ്കോയിന്‍ വഴി കാര്‍ വാങ്ങാന്‍ ടെസ്ല സൗകര്യമൊരുക്കുന്നത്. 2021 അവസാനത്തോടെ അമേരിക്കയ്ക്ക് പുറത്തും 'പേ ബൈ ബിറ്റ്കോയിന്‍' സംവിധാനം കമ്പനി ലഭ്യമാക്കും.
ഫെബ്രുവരിയിലാണ് ലോകത്തെ ഏറ്റവും പ്രചാരമേറിയ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിനില്‍ നിക്ഷേപം നടത്തിയ കാര്യം ടെസ്ല വെളിപ്പെടുത്തിയത്. 1.5 ബില്യണ്‍ ഡോളറിന്റെ ബിറ്റ്കോയിന്‍ വാങ്ങിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് സെക്യുരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന് മുമ്പാകെ കമ്പനി അന്ന് അറിയിച്ചു. ടെസ് ല നിക്ഷേപം നടത്തിയ വിവരം പുറത്തുവന്നതിന് പിന്നാലെ ബിറ്റ്കോയിന്‍ ക്രിപ്റ്റോകറന്‍സി വന്‍ കുതിച്ചുച്ചാട്ടമാണ് നടത്തിയത്. ബിറ്റ്കോയിനൊപ്പം എഥീറിയം, ഡോഗികോയിന്‍ മുതലായ ക്രിപ്റ്റോകറന്‍സികളും നേട്ടം കൊയ്തു.
എന്നാല്‍ ബിറ്റ്കോയിന് വിപണി അമിത മൂല്യം കല്‍പ്പിക്കുകയാണെന്ന ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ് ക്രിപ്റ്റോകറന്‍സിയുടെ മുന്നേറ്റത്തിന് വിനയായി. 58,000 ഡോളര്‍ നിലവാരം കയ്യടക്കിയ ബിറ്റ്കോയിന്‍ പൊടുന്നനെ 45,000 ഡോളറിലേക്ക് കൂപ്പുകുത്തി. അസ്ഥിരതയാണ് ബിറ്റ്കോയിന്റെ പ്രധാന വെല്ലുവിളി. വിപണിയിലെ ചെറു ചലനങ്ങള്‍ പോലും ബിറ്റ്കോയിന്റെ മൂല്യത്തില്‍ വലിയ വ്യത്യാസം സൃഷ്ടിക്കുന്നുണ്ട്. ബുധനാഴ്ച്ച 56,620 ഡോളറാണ് ഒരു ബിറ്റ്കോയിന്‍ യൂണിറ്റിന് വില. ഇന്ത്യന്‍ രൂപയില്‍ ബിറ്റ്കോയിന്‍ വാങ്ങണമെന്നുണ്ടെങ്കില്‍ ഇന്നത്തെ നിരക്ക് അനുസരിച്ച് യൂണിറ്റൊന്നിന് 41.11 ലക്ഷം രൂപ മുടക്കണം.